നാലമ്പല യാത്ര പോലെ നാല് ദുർഗ്ഗാലയ ക്ഷേത്ര യാത്രയ്ക്കും ഭക്തജന തിരക്ക്. കോഴിക്കോട് ജില്ലയിലെ 4 പ്രധാന ദേവീക്ഷേത്രങ്ങൾ ഭക്തരെ കാത്തിരിക്കുകയാണ്. ഈ ക്ഷേത്രങ്ങളിൽ വന്ന് പ്രാർത്ഥിച്ചാൽ ആയുരാരോഗ്യസൗഖ്യവും,ഐശ്വര്യവും, കുടുംബസുഖവും, സമ്പത്തും വർദ്ധിക്കും എന്നത് തന്നെയാണ് ഭക്തരെ ഇവിടേക്ക് എത്തിക്കുന്നത്. വനദുർഗ ഭാവത്തിൽ ശ്രീ പൊയിക്കാവിൽ അമ്മയും, ഭദ്രകാളിയായി പിഷാരികാവിൽ അമ്മയും, ജലദുർഗയായി ശ്രീ ഉരുപുണ്ണ്യക്കാവിലമ്മയും, ആദിപരാശക്തിയായി ശ്രീ ലോകനാർക്കാവിൽ അമ്മയുമാണ് ഭക്തരെ അനുഗ്രഹിച്ച് ഐശ്വര്യം നൽകുന്നത്.
പ്രശസ്തമായ നാല് വ്യത്യസ്ത ഭാവങ്ങളിലുള്ള ഈ ദുർഗാ ക്ഷേത്രങ്ങൾ ഉള്ളത് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുതൽ വടകര വരെയുള്ള 25 കിലോമീറ്ററിനുള്ളിൽ ഉള്ളിലാണ്. കോഴിക്കോട് നിന്ന് പോകുമ്പോൾ ആദ്യം പൊയിൽകാവ് ശ്രീ വനദുർഗ്ഗ ദേവീക്ഷേത്രമാണ്. 15 ഏക്കറിന്റെ നടുവിൽ ആണ് ഈ ക്ഷേത്രം. വനദുർഗ്ഗ ശാന്ത ഭാവത്തിൽ മൂല സ്ഥാനമായ പടിഞ്ഞാറേ കാവിലും, സംഹാരം കഴിഞ്ഞുള്ള ജഗദംബ ഭാവത്തിൽ കിഴക്കേ കാവിലും ആണ്. ഇവിടുത്തെ ഭഗവതിമാരെ തൊഴുതു കഴിഞ്ഞാൽ പിന്നെ പോകേണ്ടത് കൊയിലാണ്ടി കൊല്ലം പിഷാരിക്കാവിലേക്കാണ്. അവിടെ ഭഗവതി ഭദ്രകാളി ഭാവത്തിലാണ്.
ഇവിടെ തൊഴുതു കഴിഞ്ഞാൽ നേരെ പയ്യോളിയിലെ മൂടാടിയിലെ ഉരുപുണ്ണ്യക്കാവിൽ ദർശനം നടത്താം . ഇവിടെ ഭഗവതിയുടെ പ്രതിഷ്ഠ കടലിന് അരികിലായി ജലദുർഗ്ഗ ഭാവത്തിലാണ്. കടൽ ഓം ആകൃതിയിൽ തീരം സൃഷ്ടിച്ച് തിരമാലകളാൽ സദാസമയവും ജലാർച്ചന ചെയ്യുന്ന ജലദുർഗ്ഗ ദേവി സ്ഥിതി ചെയ്യുന്ന പൗരാണിക ക്ഷേത്രം ആണ് ഇത്. ഇവിടെ നിത്യവും പിതൃ ദർപ്പണ കർമ്മങ്ങൾ നടക്കുന്നു.
ഇവിടെ ദർശനം നടത്തിയ ശേഷമാണ് വടകര ശ്രീ ലോകനാർക്കാവ് ഭഗവതി ക്ഷേത്രത്തിലെത്തുന്നത്. ശ്രീ ദുർഗ ഭാവത്തിൽ പ്രതിഷ്ഠിതമായ ശൈവ, വൈഷ്ണവ ശാക്തേയ ചൈതന്യം കുടികൊള്ളുന്ന പ്രശസ്തമായ ക്ഷേത്രം ആണിത്. വീരനായകനായ തച്ചോളി ഉദയനന്റെയും, അംഗചേകവരുടെയും വീര കഥകളാൽ നിറഞ്ഞുനിൽക്കുന്ന ക്ഷേത്രത്തിൽ കൂടെ ദർശനം നടത്തുന്നതോടെ നാല് ദുർഗ്ഗാലയ ക്ഷേത്രയാത്ര ഭഗവതിമാരുടെ അനുഗ്രഹത്തോടെ പൂർത്തിയാകും. ഇതിൽ ഒരു ഉരുപുണ്ണ്യക്കാവും, പൊയിൽ കാവും പരശുരാമൻ പ്രതിഷ്ഠിച്ചതാണ്. ഈ രണ്ട് ക്ഷേത്രങ്ങളിലും ബലിതർപ്പണം നടക്കുന്നുണ്ട്. കൂടാതെ ഈ ദുർഗ്ഗാലയ ക്ഷേത്ര ദർശനത്തോടൊപ്പം കാപ്പാട് ബീച്ചും, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജും സന്ദർശിക്കാനും കഴിയും.