LatestPolitics

ഇടതു വലത് ഒത്തുതീർപ്പ് രാഷ്ട്രീയം അവസാനിപ്പിക്കണം: എം.ടി.രമേഷ്


കോഴിക്കോട്:കേരള ചരിത്രത്തിൽ ഇതുവരെ കാണാത്ത ഒത്തുതീർപ്പ് രാഷ്ട്രീയമാണ് കോൺഗ്രസും സിപിഎമ്മും നടത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേഷ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മകൾക്കും സ്വകാര്യ കമ്പനിക്കുമെതിരെ ഉയർന്നുവന്ന ഗുരുതര അഴിമതി ആരോപണം തേച്ചു മായിച്ചു കളയാൻ വേണ്ടിയുള്ള സർക്കാരിന്റെയും സിപിഎമ്മിന്റെയും ശ്രമത്തിനു കൂട്ടുനിൽക്കുകയാണ് പ്രതിപക്ഷം. എന്തുകൊണ്ട് അഴിമതി ആരോപണത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവരാനോ മുഖ്യമന്ത്രിയുടെ വിശദീകരണം ചോദിക്കാനോ പ്രതിപക്ഷം തയ്യാറായിട്ടില്ല.

വിഷയം ചർച്ച ആവാതിരിക്കാൻ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയ സംഭവത്തോട് പോലും അനുകൂലിക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിച്ചത്. മുഖ്യമന്ത്രിക്ക് എതിരായി മാത്രമല്ല റിപ്പോർട്ടിൽ പരാമർശം ഉള്ളത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ പേരുകളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇവർക്ക് കിട്ടിയ പണത്തിന്റെ കണക്ക് കൂടി പുറത്തുവരും എന്ന് പേടിച്ചാണോ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്ക് കൂട്ടുനിൽക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഈ വിഷയത്തിൽ പ്രതിപക്ഷം കാണിക്കുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് എം.ടി.രമേഷ് ആവശ്യപ്പെട്ടു. കേരളത്തിലെ വിവാദമായ സ്വകാര്യ കമ്പനി മാസംതോറും പണം നൽകിയതുമായി ബന്ധപ്പെട്ട് ആധികാരികമായ ഒരു വാർത്ത വന്നിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ പ്രതികരിക്കാത്തത്. എന്തുകൊണ്ട് നിയമ സഭയിലും ഈ വിഷയത്തിൽ വിശദീകരണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടില്ല. കോടി കണക്കിന് രൂപ മുതലാളിമാരിൽ നിന്ന് മാസപ്പടിയായി വാങ്ങി പങ്കിട്ടെടുത്ത്, അത് പുറത്തു വരുമ്പോൾ പരസ്പരം സഹായിക്കുന്ന കേരള രാഷ്ട്രീയത്തിലെ ഏറ്റവും നാണംകെട്ട ഒത്തുതീർപ്പ് രാഷ്ട്രീയമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. ഇരുപത് ലക്ഷം രൂപയിലധികം വരുന്ന തുക ബാങ്ക് മുഖാന്തിരം മാത്രമേ സംഭാവനയായി സ്വീകരിക്കാവു എന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിയമം നിൽക്കവെ മാസപ്പടിയായി പണം സ്വീകരിച്ചത് കമ്മീഷൻ്റെ നിയമങ്ങൾക്ക് എതിരാണെന്നും എം.ടി.രമേഷ് പറഞ്ഞു.മാരാർജി ഭവനിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ, ജില്ലാ സെക്രട്ടറി ടി.രനീഷ് എന്നിവർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply