Thursday, February 6, 2025
Local News

മനുഷ്യാവകാശ കമ്മീഷനിൽ കുന്ദമംഗലം പഞ്ചായത്തിന്റെ റിപ്പോർട്ട് : ഷെഡിൽ താമസിക്കുന്ന ദമ്പതിമാർക്ക് വീട് നൽകും


കോഴിക്കോട്: കാലവർഷം കനത്ത് പെയ്യുന്ന രാത്രികളിൽ ചോർന്നൊലിക്കുന്ന ഷെഡിൽ ആശങ്കയോടെ ജീവിക്കുന്ന ദമ്പതിമാർക്ക് സ്വന്തമായി വീടൊരുങ്ങുന്നു.

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കുന്ദമംഗലം പഞ്ചായത്തിൽ താമസിക്കുന്ന വിജയൻ കോട്ടിയേരിക്ക് വീടൊരുക്കുന്നതായി കുന്ദമംഗലം പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചത്.

ലൈഫ് ഭൂരഹിതരുടെ ലിസ്റ്റിൽ വിജയനെ ഉൾപ്പെടുത്തിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. പഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട വിജയന് കുടുംബത്തിൽ നിന്നുതന്നെ 3 സെന്റ് ഭൂമി ലഭ്യമാക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നുണ്ട്. ഭൂമി ലഭ്യമാകുന്ന മുറയ്ക്ക് ഭവനനിർമ്മാണത്തിനുള്ള ധനസഹായം നൽകും.അതിദരിദ്രരുടെ പട്ടികയിൽപ്പെട്ടതിനാൽ വിജയന് ഭവനനിർമ്മാണം പൂർത്തിയാക്കാൻ ലൈഫ് പദ്ധതി പ്രകാരമുള്ള തുക മതിയാകാതെ വരുന്ന സാഹചര്യത്തിൽ സന്നദ്ധ സംഘടനകളെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കാൻ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി യോഗം ചേർന്നതായി റിപ്പോർട്ടിൽ പറയുന്നു.

പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് മാതൃകാപരമായ നടപടിയാണെന്നും അഭിനന്ദനാർഹമാണെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പറഞ്ഞു.


Reporter
the authorReporter

Leave a Reply