Friday, December 6, 2024
Latest

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പുനർ നിർമ്മാണം അടുത്ത വർഷം തുടക്കമാകുമെന്ന് റെയിൽവേ അമിനിറ്റീസ് ചെയർമാൻ പി കെ കൃഷ്ണദാസ്


കോഴിക്കോട് : കോഴിക്കോട് റെയിൽ വെ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിൽ പുനർ നിർമിക്കുവാനുള്ള പ്രവർത്തിക്ക് അടുത്തവർഷം തുടക്കം കുറിക്കുമെന്ന് റെയിൽവെ പാസഞ്ചേഴ്സ് അമനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണ ദാസ് പറഞ്ഞു.2024-ൽ ഇതിന്റെ പണി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി , സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു എയർപോർട്ടിന്റെ സമാനമായ സൗകര്യങ്ങളായിരിക്കും ഇതോടെ കോഴിക്കോട് റെയിൽവെ സ്റ്റേഷനിലും ഉണ്ടാകുക. ബംഗളൂരുവിലെ ബെഹനഹള്ളിയിലെ ഇത്തരത്തെ ആദ്യ സ്റ്റേഷൻ ഉദ്ഘാടനം കഴിഞ്ഞു. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ നവീകരണത്തിനായി തിരുവനന്തപുരം, ചെങ്ങന്നൂർ, തൃശൂർ, കോഴിക്കോട് സ്‌റ്റേഷനുകളാണ് ഇതിന് തെരഞ്ഞെടുത്തിരിക്കുന്നത്. ഇവയുടെ പ്രവർത്തി ഒരു വർഷം കൊണ്ട് പൂർത്തിയാക്കുവാനാണ് റെയിൽ വെ ഉദ്ദേശിക്കുന്നത്. ഒരു സ്‌റ്റേഷന് 350 കോടി രൂപ വരെ വികസനത്തിനായി അനുവദിക്കും. ഇതോടു കൂടി കോഴിക്കേട് റെയിൽ വെ സ്‌റ്റേഷനിൽ പിറ്റ് ലൈൻ വന്നാൽ ഇവിടെ നിന്നു തന്നെ പുതിയ ട്രെയിനുകളുടെ ഓപ്പറേഷൻ തുടങ്ങുവാൻ സാധിക്കും ഇത് കോഴിക്കോടിനും പ്രത്യേകിച്ച് മലബാറിനും കൂടുതൽ ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
60 വയസ്സു കഴിഞ്ഞവർക്കുള്ള റെയിൽവെ യാത്രാ ഇളവ് പുന:സ്ഥാപിക്കുന്നതിനെക്കുറിച്ച് റെയിൽവെ മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും ഉടനെ ഇക്കാര്യത്തിൽ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനമുണ്ടാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.
കണ്ണൂർ – യശ്വന്ത്‌പൂർ , കോയമ്പത്തൂർ – ബംഗളൂരു ഡബിൾ ഡെക്കർ , കുർള- ബംഗളൂരു ട്രെയിനുകൾ കോഴിക്കോട് വരെ നീട്ടുന്നതാലോചിക്കും. ഒന്നര വർഷത്തിനുള്ളിൽ എല്ലാ ബോഗികളും പുതിയ എൽ. എച്ച്.ഡി ബോഗികളാക്കും. നിലമ്പൂർ- നഞ്ചൻകോട് പാത സംസ്ഥാന സർക്കാരിന്റെ കൂടി പങ്കാളിത്തമുണ്ടായാൽ നവീകരിക്കും. യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരെ പരാതി ലഭിച്ചാൽ കർശന നടപടി എടുക്കും. മെഡിക്കൽ കോളെജിലെ റിസർവേഷൻ കൗണ്ടറിന് സംസ്ഥാന സർക്കാർ മുറി നല്കുകയാണെങ്കിൽ, അത് നിലനിറുത്തുവാൻ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സമ്മർദം ചെലുത്തുമെന്നും അദ്ദേഹം ഉറപ്പു നല്കി.

ചേംബർ മുൻ പ്രസിഡന്റ് സുബൈർ കൊളക്കാടൻ അധ്യക്ഷത വഹിച്ചു. ചേംബറിന്റെ നിവേദനം മുൻ പ്രസിഡന്റ് ഐപ്പ് തോമസ് കൈമാറി. ടി പി അഹമ്മദ് കോയ ഉപഹാരം നൽകി. മുൻ പ്രസിഡന്റ് സി ഇ ചാക്കുണ്ണി, എം മുസമ്മിൽ , ബി. ജെ. പി. ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എ പി അബ്ദുല്ലക്കുട്ടി സ്വാഗതവും ട്രഷറർ ബോബിഷ് കുന്നത്ത് നന്ദിയും പറഞ്ഞു.

 


Reporter
the authorReporter

Leave a Reply