അഭിജിത.ടി
കോഴിക്കോട്:എല്ലാ ആഘോഷങ്ങളെയും ചേര്‍ത്ത് നിര്‍ത്തുന്നവരാണ് മലയാളികള്‍. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമായ ദീപാവലിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് കോഴിക്കോട്ടുകാര്‍.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ വര്‍ഷങ്ങളായി കോഴിക്കോടിന്റെ മണ്ണിലുണ്ട്. അതുകൊണ്ട് തന്നെ എല്ലാ ആഘോഷങ്ങളും കോഴിക്കോടിന്റെയും സ്വന്തം ആഘോഷങ്ങളാണ്. കോഴിക്കോടിന്റെ ദീപാവലിക്കും ആഘോഷത്തിന്റെ പകിട്ടേറെയുണ്ട്. കോഴിക്കോട്ടെ ദീപാവലി ആഘോഷങ്ങള്‍ക്ക് മധുരം കൂട്ടാന്‍ വിവിധ തരം മധുരപലഹാരങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് വ്യാപാരികള്‍. കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിലേക്ക് ദീപാവലി മിട്ടായികള്‍ എത്തിക്കുന്ന തിരക്കിലാണ് നടക്കാവ് ശ്രീദുര്‍ഗ സ്വീറ്റ്സിലെ തൊഴിലാളികള്‍. കഴിഞ്ഞ 15 വര്‍ഷമായി കോഴിക്കോട്ടെ ദീപാവലി ആഘോഷങ്ങള്‍ക്ക് മധുരം പകരാന്‍ ഇവര്‍ ഒപ്പമുണ്ട്.
മറുനാടുകളില്‍ നിന്നുള്ളവര്‍തന്നെയാണ് മധുരപലഹാരം നിര്‍മിക്കുന്നവരിലേറെയും. സാധാരണയായി കണ്ട് വരുന്ന പേട, ലഡു, ജിലേബി, ഹല്‍വ, മൈസൂര്‍പാര്‍ക്ക് എന്നിവയ്ക്ക് പുറമേ ദീപാവലി സ്‌പെഷ്യലായി പിസ്ത പേഡ, സ്വീറ്റ പേഡ, സോന, തരിപ്പാക്ക്, മണി ഗുന്തി, ബര്‍ഫി, തുടങ്ങി രാജസ്ഥാനി, ഗുജറാത്തി, ബംഗാളി സ്വീറ്റ്‌സുകളാണ് ഇവര്‍ ഒരുക്കുന്നത്.
പാല്‍കൊണ്ടുള്ള മധുരത്തിനും ബംഗാളിപലഹാരങ്ങള്‍ക്കും എപ്പോഴും ആവശ്യക്കാരേറെയാണ്. ഓഡറുകള്‍ ലഭിക്കുന്നതിനനുസരിച്ചാണ് മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്നത്. കിലോയ്ക്ക് 500 രൂപ വരെ വരുന്ന മധുരപലഹാരങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. പലതരം മധുരങ്ങളടങ്ങിയ ബോക്‌സിന് 400 രൂപയാണ് വില.
കച്ചവടത്തിനായി പലയിടങ്ങളിലും പ്രത്യേക സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. കച്ചവട സ്ഥാപനങ്ങളിലും ആവശ്യക്കാര്‍ എത്തി തുടങ്ങി.