കോഴിക്കോട്: വൃക്കരോഗം കൊണ്ട് നിത്യദുരിതത്തിലായ രോഗികള്‍ക്കും കുടുംബത്തിനും കാരുണ്യ സ്പര്‍ശമേല്‍കുന്ന ‘ജീവജ്യോതി’ പദ്ധതി സമാനതകളില്ലാത്തതാണെന്നും സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന സൗജന്യ വൃക്കമാറ്റ ശസ്ത്രക്രിയാ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ സൂചികയില്‍ കേരളം ലോകത്തിന് മാതൃകയാണ്. എന്നാല്‍ ജീവിത ശൈലികളില്‍വന്ന മാറ്റവും വ്യായാമ ദാരിദ്ര്യവും പാര്‍ശ്വഫല രോഗങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയ സാഹചര്യങ്ങളാണ്. ജീവിതരോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയും കോവിഡാനന്തര രോഗങ്ങളും ഫലപ്രദമായി തടയണമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌നേഹസ്പര്‍ശം സൊസൈറ്റിക്ക് കീഴില്‍ ജില്ലയിലെ അഞ്ച് പ്രമുഖ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന, മറ്റ് പദ്ധതികളുടെ സഹായം ലഭിക്കാത്തതുമായ രോഗികള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. സാമ്പത്തിക ചൂഷണം ഇല്ലാതാക്കുക, അവയവദാനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങള്‍.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീര്‍ പദ്ധതി വിശദീകരണം നടത്തി.
പദ്ധതിയുടെ ആദ്യ ഗുണഭോക്താവിനുള്ള സഹായവിതരണം കോര്‍പറേഷന്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പ് ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ പി.സി. അന്‍വറിന് കൈമാറി.
വലിയൊരുവിഭാഗം ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതി കൂട്ടായ്മയുടെ ഭാഗമായാണ് വളര്‍ന്നതെന്ന് പദ്ധതിയുടെ ആസൂത്രക കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല പദ്ധതിയുമായി സഹകരിക്കുന്ന അഞ്ച് ആശുപത്രികള്‍ക്കുള്ള പങ്കാളിത്ത പത്രം നല്‍കിക്കൊണ്ട് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളുടേയും ജീവനക്കാരുടേയും അവയവദാന സമ്മതപത്രം ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീറില്‍നിന്ന് ജില്ലാ കളക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി ഏറ്റുവാങ്ങി. എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരില്‍ നിന്നുള്ള സംഭാവന എല്‍ജിഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി ചന്ദ്രനില്‍നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി സ്വീകരിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍എം വിമല, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിപി ജമീല, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി റീന, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി സുരേന്ദ്രന്‍ , മൃതസഞ്ജീവിനി നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് ,ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ലുക്ക്മാന്‍ പൊന്‍മാടത്ത്, മെയ്ത്ര ഹോസ്പിറ്റല്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ഡോ. സീമന്ത ശര്‍മ്മ, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ക്ലിനിക്കല്‍ ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ചീഫ് ഡോ. പി.കെ ഇന്ദ്രജിത്ത്, ചീഫ് അഡ്മിനിസട്രേറ്റിവ് ഓഫീസര്‍ മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍ ദിപിന്‍ദാസ്, ടി.എം അബൂബക്കര്‍, എം.എ റസാക്ക് മാസ്റ്റര്‍, ടി.വി ബാലന്‍, മനയത്ത് ചന്ദ്രന്‍ , ഒ.പി. അബ്ദുള്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌നേഹസ്പര്‍ശം ട്രഷറര്‍ ജഹഫര്‍ നന്ദി പറഞ്ഞു.