കോഴിക്കോട്: വൈദ്യുതി ബോർഡിന്റെ ബേപ്പൂർ സെക്ഷൻ ഓഫീസിൽ 12 വർഷമായി കരാർ ഡ്രൈവറായി ജോലി ചെയ്യുന്ന പ്രജിത്തിന് മാസങ്ങളായി ശമ്പളം നൽകിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
വൈദ്യുതി ബോർഡ് കല്ലായി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ 10 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. ജൂൺ 25 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ശമ്പളം കിട്ടിയിട്ട് നാലുമാസമായി. പ്രതിമാസം ലഭിക്കുന്ന 30000 രൂപ ശമ്പളത്തിൽ നിന്നും ഇന്ധനത്തിനും അറ്റകുറ്റപണികൾക്കും തുക കണ്ടെത്തണം. ഓരോ മാസവും 1500 കിലോമീറ്റർ ഓടണമെന്നാണ് കരാർ. എന്നാൽ കിലോമീറ്റർ കൂടിയതോടെ പ്രജിത്ത് ജീപ്പ് ഓടിക്കാൻ വിസമ്മതിച്ചു. ഇതോടെ ഉദ്യോഗസ്ഥർ ശമ്പളം പിടിച്ച് പ്രതികാരം ചെയ്യാൻ തുടങ്ങി.
പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ബില്ലിൽ പ്രജിത്ത് ഒപ്പിടാത്തതു കാരണമാണ് ശമ്പളം വൈകുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ കിലോമീറ്റർ പരിധി കഴിഞ്ഞിട്ടും 30 ദിവസം തികച്ചില്ലെന്നതിന്റെ പേരിൽ ശമ്പളം വെട്ടി കുറച്ചതുകൊണ്ടാണ് ബില്ലിൽ ഒപ്പിടാത്തതെന്ന് പ്രജിത്ത് പറയുന്നു. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.