കോഴിക്കോട്: പട്ടയവും ആധാരവും ഇല്ലാത്തതു കാരണം നികുതി അടയ്ക്കാൻ കഴിയാതെ കുടിൽ കെട്ടി താമസിക്കുന്ന താമര ശേരി വേനക്കാവ് മിച്ചഭൂമി നിവാസികളുടെ ദുരിതത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു.
കോഴിക്കോട് ജില്ലാ കളക്ടർ പരാതി പരിശോധിച്ച് 3 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
2003-ലാണ് സ്വകാര്യ എസ്റ്റേറ്റിൽ നിന്നും സർക്കാർ പിടിച്ചെടുത്ത മിച്ചഭൂമി 224 കുടുംബങ്ങൾക്ക് വീതിച്ചു നൽകിയത്. ഓരോ കുടുംബത്തിനും 5 സെന്റ് വീതമാണ് അനുവദിച്ചത്. ഭൂമി കിട്ടിയ ചിലർ മറിച്ചുവിറ്റു. മറിച്ചുവിറ്റ ഭൂമി വിലകൊടുത്ത് വാങ്ങിയവരാണ് ദുരിതത്തിലായത്. പതിച്ചു നൽകിയ ഭൂമി കൈമാറാൻ സർക്കാർ അനുവദിക്കാത്തതു കാരണം വില നൽകി വാങ്ങിയവരുടെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല. ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്തൃ പട്ടികയിൽ പേരുള്ളവർക്ക് പോലും വീട് നിർമ്മിക്കാനുള്ള തുക അനുവദിക്കാൻ ഇതുകാരണം കഴിയുന്നില്ല. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ കുടിലുകളിലാണ് ഇവർ താമസിക്കുന്നത്. മിച്ചഭൂമിയിൽ താമസിക്കുന്ന 60 കുടുംബങ്ങളിൽ 10 പേർക്ക് മാത്രമാണ് ഭൂമി പതിച്ചുകിട്ടിയ രേഖയുള്ളത്. ഭൂമി സ്വന്തം പേരിൽ പതിച്ചുകിട്ടാത്ത 7 കുടുംബങ്ങൾക്ക് ലൈഫ് മിഷൻ പദ്ധതിയിൽ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും തുക ലഭിക്കാത്ത സാഹചര്യമാണുള്ളത്.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.