Sunday, November 24, 2024
Local Newssports

കാല്‍പന്തുകളിയെ നെഞ്ചിലേറ്റിയ കോഴിക്കോടിന്റെ മണ്ണിലെ കുട്ടികള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോള്‍ പരിശീലനം


കോഴിക്കോട്: മലബാറിലെ കുട്ടികള്‍ക്ക് കാല്‍പ്പന്തുകളിയുടെ മാന്ത്രിക ചുവടുകള്‍ പകര്‍ന്നു നല്‍കാന്‍ മറഡോണയുടെ നാട്ടില്‍ നിന്ന് കോച്ചുകള്‍ കോഴിക്കോട്ടെത്തി. ലോക ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ വാര്‍ത്തെടുത്ത അര്‍ജന്റീനോസ് ജൂനിയോസ് ഫുട്‌ബോള്‍ അക്കാദമിയിലെ പരിശീലകരായ മാറ്റിയാസ് അക്കോസ്റ്റ, അലിജാന്‍ഡ്രോ ലിനോ എന്നിവരാണ് അര്‍ജന്റീനയില്‍ നിന്നും കോഴിക്കോട്ടെത്തിയത്. മലബാര്‍ സ്പോര്‍ട്സ് ആന്റ് റിക്രിയേഷന്‍ ഫൗണ്ടേഷനുമായി (എംഎസ്ആര്‍എഫ്) ഒപ്പുവച്ച കരാര്‍ പ്രകാരമാണ് ഇരുവരും കോഴിക്കോട്ടെത്തിയത്.

എംഎസ്ആര്‍എഫിനു കീഴിലുള്ള മലബാര്‍ ചാലഞ്ചേഴ്സ് ഫുട്ബോള്‍ ക്ലബ്ബ് അക്കാദമിയിലെ കുട്ടികള്‍ക്ക് ഇവര്‍ ഇനി മുതല്‍ പരിശീലനം നല്‍കും. കോഴിക്കോട് പെരുന്തുരുത്തി ഭവന്‍സ് സ്‌കൂളില്‍ എംഎസ്ആര്‍എഫ് നിര്‍മ്മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോള്‍ ടര്‍ഫിലായിരിക്കും പരിശീലനം തുടങ്ങുക. കുട്ടികളുടെ സൗകര്യാര്‍ത്ഥം മറ്റിടങ്ങളിലേക്കും കോച്ചിംഗ് ക്യാമ്പുകള്‍ വ്യാപിപ്പിക്കും. ഇന്നു മുതല്‍ ഒരാഴ്ചക്കാലം കേരളത്തിലെ കോച്ചുകള്‍ക്ക് ഇവര്‍ പരിശീലനം നല്‍കും. അതിനു ശേഷമായിരിക്കും കുട്ടികളുടെ ക്യാമ്പ് ആരംഭിക്കുക.

8-10, 10-12, 12-14 വയസ് വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭ്യമാണ്. ആദ്യ ബാച്ചിലേക്ക് ഓക്ടോബര്‍ ആദ്യ വാരം വരെ അപേക്ഷിക്കാം. ഗൂഗിള്‍ ഫോം വഴി അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ അറിയാന്‍ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. അപേക്ഷകരില്‍ നിന്ന് കഴിവുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ഒക്ടോബര്‍ ആദ്യവാരം കോച്ചിംഗ് ക്യാമ്പ് ആരംഭിക്കും.

കാല്‍പന്തുകളിയെ നെഞ്ചിലേറ്റിയ കോഴിക്കോടിന്റെ മണ്ണിലെ കുട്ടികള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോള്‍ പരിശീലനവും സാധ്യമാവുകയാണ്. ലോക ഫുട്ബോളില്‍ കേരളത്തിന്റെയും ഇന്ത്യയുടേയും പേരു കോറിയിടുക എന്ന വ്യക്തമായ ലക്ഷ്യവുമായാണ് എംഎസ്ആര്‍ഫും മലബാര്‍ ചാലഞ്ചേഴ്സും പ്രവര്‍ത്തനമാരംഭിച്ചത്. പ്രാദേശിക പ്രതിഭകളെ കണ്ടെത്തി അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനം ലഭ്യമാക്കി പ്രൊഫഷണല്‍ ഫുട്ബോള്‍ താരങ്ങളാക്കി മാറ്റുക, അതുവഴി മലബാറിന്റെ മഹത്തരമായ ഫുട്ബോള്‍ പാരമ്പര്യത്തെ പുനഃരുജ്ജീവിപ്പിച്ച് ശക്തിപ്പെടുത്തുക, 2033ലെ അണ്ടര്‍ 20 ലോകകപ്പ്, 2034ലെ ലോക കപ്പ് ഫുട്ബോള്‍ എന്നിവയുടെ അവസാന റൗണ്ടുകളില്‍ ഇന്ത്യന്‍ ടീമിന്റെ സാനിധ്യം ഉറപ്പാക്കുക എന്നിവയാണ് ആ ലക്ഷ്യങ്ങള്‍.

വൈകാതെ 10 ഏക്കര്‍ സ്ഥലത്ത് 350 മുതല്‍ 400 വരെ കുട്ടികളെ താമസിപ്പിച്ചു പരിശീലിപ്പിക്കാവുന്ന റസിഡന്‍ഷ്യല്‍ അക്കാദമിയും എംഎസ്ആര്‍എഫ് ലക്ഷ്യമിടുന്നുണ്ട്. മുന്‍ ഗോവ ചീഫ് സെക്രട്ടറി ബി. വിജയന്‍, ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ബ്രഹ്മാനന്ദ് ശങ്ക് വാല്‍ക്കര്‍ , വിദേശകാര്യ മന്ത്രാലയം മുന്‍ ജോ. സെക്രട്ടറിയും ഇന്ത്യന്‍ അംബാസിഡറുമായിരുന്ന സജീവ് ബാബു കുറുപ്പ്, മുന്‍ കേരള ചീഫ് സെക്രട്ടറിയും നിലവിലെ കെ.എസ്.ഐഡിസി ചെയര്‍മാനുമായ പോള്‍ ആന്റണി, മുന്‍ തമിഴ്നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി സ്‌കന്ദന്‍ കൃഷ്ണന്‍, മുന്‍ ഇന്‍കം ടാക്സ് കമ്മീഷണര്‍ പോള്‍ ജോര്‍ജ്ജ്, മുന്‍ എന്‍ഐഎ എസ്.പി രാജ് മോഹന്‍, ചെന്നൈയിലെ അവ്‌ലോണ്‍ ടെക്‌നോളജി ചെയര്‍മാന്‍ ടി.കെ. ഇമ്പിച്ചമ്മദ് ഡോ. മനോജ് കാളൂര്‍ തുടങ്ങി കരുത്തരായ നേതൃനിര എംഎസ്ആര്‍എഫിനുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ എംഎസ് ആര്‍എഫ് ചെയര്‍മാന്‍ ബി. വിജയന്‍, ഡയറക്ടര്‍മാരായ സജീവ് ബാബു കുറുപ്പ്, ഡോ. മനോജ് കാളൂര്‍ എന്നിവര്‍ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply