കൊച്ചി: ശബരിമല ദര്‍ശനത്തിന് നടന്‍ ദിലീപ് അടക്കം ചിലര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയതില്‍ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹരിവരാസന സമയത്ത് മറ്റുള്ളവര്‍ക്ക് ദര്‍ശനം വേണ്ടെ എന്ന് ചോദിച്ച കോടതി, മുന്നില്‍ നില്‍ക്കുന്ന ആള്‍ വി.ഐ.പി ആണെങ്കില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ദര്‍ശനം സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി.
ഏകദേശം പത്ത് മിനിറ്റോളം ദിലീപ് അവിടെ നിന്നു. അത്രയും നേരം ആ വരി മുന്നോട്ട് പോവാതിരിക്കുകയും വരിയിലെ മറ്റുള്ളവര്‍ക്ക് കാത്തുനില്‍ക്കേണ്ടി വരികയും ചെയ്തു. ഇതൊക്കെ എങ്ങനെയാണ് സംഭവിക്കുന്നതെന്നും കോടതി ചോദിച്ചു. ശബരിമലയില്‍ നടന്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തിന്റെ സോപാനത്തിന് മുന്നിലെ സി.സി.ടിവി ദൃശ്യങ്ങള്‍ ഹൈക്കോടതിക്ക് കൈമാറി. കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.
പൊലിസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപ് അടക്കമുള്ളവര്‍ ദര്‍ശനത്തിന് എത്തിയതെന്ന് കോടതി ഇന്നലെ ആരാഞ്ഞിരുന്നു. പ്രത്യേക ആനുകൂല്യം ആര്‍ക്കും നല്‍കരുതെന്ന് ഉത്തരവുള്ളതാണ് ഇത്തരം നടപടികള്‍ കോടതിയലക്ഷ്യമാണെന്നും ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളി കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ദിലീപിനെയും കേസില്‍ കക്ഷിയാക്കുന്നത് പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
ശബരിമല സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിഷയം സ്വമേധയാ പരിഗണിച്ചാണ് കോടതിയുടെ ഇടപെടല്‍.
വ്യാഴാഴ്ച രാത്രി ദിലീപിനോടൊപ്പം ആലപ്പുഴ ജില്ല ജഡ്ജി കെ.കെ രാധാകൃഷ്ണന്‍, നോര്‍ക്ക ചുമതല വഹിക്കുന്ന കെ.പി അനില്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു എന്നാണ് എക്‌സിക്യൂട്ടിവ് ഓഫിസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദിലീപിന് ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി വി.ഐ.പി ദര്‍ശനം ലഭിച്ചെന്ന പരാതിയില്‍ ദേവസ്വം വിജിലന്‍സ് എസ്.പി അന്വേഷണം ആരംഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും അറിയിച്ചു.