കോഴിക്കോട്: അജിതയെന്ന വീട്ടമ്മയുടെ ഓർമകൾക്കു മുന്നിൽ ഹൃദയപൂർവം നന്ദി പറയുകയാണ് ആറു കുടുംബങ്ങൾ. ആകസ്മിക മരണത്തിന് കീഴടങ്ങിയ ചാലപ്പുറം സ്വദേശിനിയായ അജിതയുടെ അവയവങ്ങൾ വിവിധ ആശുപത്രികളിൽ കഴിയുന്ന ആറു പേർക്ക് പുതുജീവൻ നൽകി. ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് നാൽപ്പത്താറുകാരിയായ അജിത ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരണത്തിനു കീഴടങ്ങിയത്. മസ്തിഷ്ക്ക മരണം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഭർത്താവ് പള്ളിയത്ത് രവീന്ദ്രൻ്റെയും മറ്റു കുടുംബാംഗങ്ങളുടെയും സമ്മതപ്രകാരം അവയവദാനത്തിന് തയാറാകുകയായിരുന്നു. തുടർന്ന് സർക്കാരിൻ്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുമായി ബന്ധപ്പെട്ടു ക്രമീകരണങ്ങൾ ദ്രുതമാക്കി. ബേബിമെമ്മോറിയലിൽ ചികിത്സയിൽ കഴിയുന്ന 57കാരനും മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന 19 കാരനുമായി ഇരു വൃക്കകൾ നൽകി.
ഹൃദയം മെട്രോമെഡ് ഹോസ്പിറ്റലിലെ രോഗിക്കു മാറ്റി വച്ചു.
ബേബി മെമ്മോറിയൽ ആശുപത്രിയിൽ കഴിയുന്ന 59 കാരനു ലിവർ മാറ്റിവച്ചു.
കണ്ണുകൾ മെഡിക്കൽ കോളജ് ഐ ബാങ്കിന് ദാനം നൽകി.
ലിവർ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ഡോ. ബിജു ഐ.കെ, ഡോ ഷൈലേഷ് ഐക്കോട്ട്, ഡോ. രാജേഷ് എം സി, മൊഹമ്മദ് ഫവാസ് എൻ എന്നിവർ നേതൃത്വം നൽകി.
വൃക്ക മാറ്റിവയ്ക്കലിന് ഡോ. സുനിൽ ജോർജ്, ഡോ. പൗലോസ് ചാലി, ഡോ. അഞ്ജന എന്നിവരും. ട്രാൻസ്‌പ്ലാന്റ് കോ ർഡിനേറ്റർ നിതിൻ രാജ് വിവിധ ക്രമീകരണങ്ങൾ ഏകോപിപ്പിച്ചു.