LatestPolitics

പിണറായിവിജയനില്‍ ഇന്ദിരാഗാന്ധിയുടെ പ്രേതം; എം.ടി.രമേശ്


കോഴിക്കോട്: പൗരസ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഇല്ലാതാക്കുന്നതില്‍ പിണറായി വിജയനില്‍ ഇന്ദിരാഗാന്ധിയുടെ പ്രേതം ആവേശിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപനദിനത്തോടനുബന്ധിച്ച് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കേരളത്തില്‍ മാധ്യമ അടിയന്തരാവസ്ഥ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നതില്‍ സര്‍ക്കാരും പാര്‍ട്ടിയും കൂട്ടുനില്‍ക്കുകയാണ്. മാപ്രാകള്‍ എന്ന് വിളിച്ച് അവരെ അവഹേളിക്കുന്നു. മാധ്യമങ്ങളെ വേട്ടയാടുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ല. കേന്ദ്രവും കേരളവും മാധ്യമങ്ങളെ വേട്ടയാടുന്നുവെന്ന് സമീകരിക്കുന്നതിന് നീതീകരണമില്ല. കേന്ദ്രസര്‍ക്കാര്‍ വാര്‍ത്തയുടെ പേരില്‍ ഒരു മാധ്യമത്തെയും വേട്ടയാടിയിട്ടില്ല.
നരേന്ദ്രമോദിയ്‌ക്കെതിരെ നിരന്തരം ഇല്ലാകഥകള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. സാമ്പത്തിക കുറ്റം രാജ്യദ്രേഹപ്രവര്‍ത്തനം എന്നിവയ്‌ക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ കേസെടുത്തത്. നിരന്തരം മാധ്യമവിചാരണയ്ക്ക് വിധേയമാകുന്ന പാര്‍ട്ടിയാണ് ബിജെപി.
കേരളത്തില്‍ സെക്രട്ടേറിയറ്റില്‍ പോലും മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നു. ഇന്ദിരാഗാന്ധിയില്‍ നിന്ന് എന്ത് വ്യത്യാസമാണ് പിണറായി വിജയനുള്ളത്. മാധ്യമപ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടുമ്പോള്‍ മാധ്യമപ്രവര്‍ത്തകരോ സംഘടനയോ സാംസ്‌കാരിക നായകരോ അതിനെതിരെ രംഗത്തുവരുന്നില്ല അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തനം ക്രിമിനല്‍ കുറ്റമാകുന്ന കാലമാണിതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ. സജീവന്‍  പറഞ്ഞു. വാര്‍ത്തയുടെ സോഴ്‌സ് വ്യക്തമാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. ഇത് നിയമവിരുദ്ധമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക അവകാശങ്ങളൊന്നുമില്ല എന്നാല്‍ വാര്‍ത്ത നല്‍കിയതില്‍ ഗൂഢാലോചന കുറ്റം ചുമത്തി കേസില്‍ പ്രതികളാക്കുന്നു. സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണിത്. ഇടതു സര്‍ക്കാര്‍ ഈ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു അദ്ദേഹം പറഞ്ഞു. അഡ്വ.വി.കെ. സജീവന്‍ അദ്ധ്യക്ഷനായി. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം.ബാലകൃഷ്ണന്‍, എം. മോഹനന്‍, പി. രമണീഭായ് എന്നിവര്‍ സംസാരിച്ചു.

Reporter
the authorReporter

Leave a Reply