കോഴിക്കോട്: മുൻ കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ‘സമ്പർക്ക് കാ സമർത്ഥൻ’ പരിപാടികളുടെ ഭാഗമായി അന്തരിച്ച നടൻ മാമുക്കോയയുടെയും ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെയും വസതികൾ സന്ദർശിച്ചു. ഉച്ചക്ക് 1.30 ഓടെയാണ് ബേപ്പൂർ അരക്കിണറുള്ള മാമുക്കോയയുടെ വസതിയിൽ എത്തി മക്കളായ മുഹമ്മദ് നിസാർ, അബ്ദുൾ റഷീദ് എന്നിവരെയും കുടുംബാംഗങ്ങളെയും കണ്ട് സംസാരിച്ചത്.
ശേഷം വൈക്കം മുഹമ്മദ് ബഷീറിന്റെ വസതിയിൽ എത്തി മകൻ അനീസിനെയും കുടുംബാംഗങ്ങളെയും കണ്ട് സൗഹൃദ സംഭാഷണം നടത്തി. ബഷീറിന്റെ പുസ്തകങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ റൂമിലെത്തി കണ്ണടയും ബഷീറിന്റെ കൈപ്പടയിൽ എഴുതിയ കുറിപ്പുകളും മകൻ പരിചയപ്പെടുത്തി.
ശേഷം പ്രശസ്തമായ മംഗോസ്റ്റിൻ മരച്ചുവട്ടിനടിയിൽ നിന്ന് ഫോട്ടോകളും പകർത്തിയ ശേഷമാണ് ബിജെപി ദേശീയ നേതാവ് കൂടിയായ നഖ് വി മടങ്ങിയത്.
ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ, സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, ദേശീയ കൗൺസിൽ അംഗം കെ.പി. ശ്രീശൻ, മേഖല സെക്രട്ടറി അജയ് നെല്ലിക്കോട്ട്, മണ്ഡലം പ്രസിഡൻ്റ് ഷിനു പിണ്ണാണത്ത്, ജനറൽ സെക്രട്ടറി ഷിംജീഷ് പാറപ്പുറം, വൈസ് പ്രസിഡന്റുമാരായ സി. സാബുലാൽ, ഗിരീഷ് പി.മേലേടത്ത്, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡൻ്റ് അബ്ദുൾ മൻസൂർ, എ.വി. ഷിബീഷ്, യു. സഞ്ജയൻ, ഇ.ടി. പ്രബീഷ്, കെ. ശിവദാസൻ എന്നിവരും സന്ദർശിച്ചു.