Sunday, January 26, 2025
General

ഭിന്നശേഷി കുട്ടികൾക്കുള്ള സേവനങ്ങൾക്ക് കൃത്യമായ റെക്കോർഡ് വേണം: മനുഷ്യാവകാശ കമ്മീഷൻ


കോഴിക്കോട്: സർക്കാർ ഫണ്ട് ഉപയോഗിച്ച് ഭിന്നശേഷി കുട്ടികൾക്ക് നൽകുന്ന സേവനങ്ങൾ അവർക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൃത്യമായ റിക്കാർഡുകൾ തയ്യാറാക്കി സൂക്ഷിക്കുന്നതിന് ഫലവത്തായ ഒരു സംവിധാനം രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

വിവിധ പദ്ധതികൾ പ്രകാരം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അനുവദിക്കുന്ന ഉപകരണങ്ങൾ ഉപയോഗപ്രദമാണെന്ന് ഉറപ്പാക്കണമെന്നും അനുയാജ്യമല്ലാത്തവ

മാറ്റി പകരം വാങ്ങി സർക്കാർ ഫണ്ട് പാഴാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. സമഗ്ര ശിക്ഷ ( എസ്.എസ്. കെ) കേരള ഡയറക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

കക്കോടി – ചേളന്നൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിലെ രജിസ്റ്ററുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടിയുടെ രക്ഷിതാക്കളുടെ ഒപ്പുകളുടെ ആധികാരികത പരിശോധിച്ച് അവ വ്യാജമാണെന്ന് കണ്ടാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

സെറിബറൽ പാൾസി ബാധിച്ച കുട്ടിയുടെ പിതാവായ നൻമണ്ട സ്വദേശി കെ. ശശികുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. കക്കോടി- ചേളന്നൂർ ബി.ആർ. സി. വഴി 2017 – 18 കാലത്ത് അനുവദിച്ച വിലകൂടിയ കൊമ്മോഡ് ചെയർ പരാതിക്കാരന്റെ മകന് ചേരാത്തത് കാരണം മടക്കി നൽകിയെന്നും പകരം ഉപകരണം നൽകിയില്ലെന്നുമാണ് പരാതി. ഉപകരണം കൈപ്പറ്റിയതായി ഉദ്യേഗസ്ഥർ തന്റെ വ്യാജ ഒപ്പിട്ടെന്നും പരാതിയിൽ പറയുന്നു.

പരാതിയെ കുറിച്ച് കമ്മീഷന്റെ അന്വേഷണ വിഭാഗം അന്വേഷണം നടത്തി.ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾക്ക് ഉപകരണങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അവ കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് കമ്മീഷൻ കണ്ടെത്തി. ഭിന്നശേഷി ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിലും വീഴ്ച സംഭവിച്ചിട്ടുണ്ട്. രജിസ്റ്ററിൽ അപാകതയുള്ളതായി കമ്മീഷൻ കണ്ടെത്തി. എസ്.എസ്. കെ. സയറക്ടർ മൂന്നു മാസത്തിനകം സ്വീകരിച്ച നടപടികളെ കുറിച്ച് കമ്മീഷന് റിപ്പോർട്ട് നൽകണം.


Reporter
the authorReporter

Leave a Reply