General

മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 139 വര്‍ഷം തടവും പിഴയും


മലപ്പുറം: പരപ്പനങ്ങാടിയിലെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് 139 വര്‍ഷം കഠിനതടവും 5,85,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. സംഭവം മറച്ചു വച്ചതിന് അമ്മക്കും അമ്മൂമ്മക്കും പതിനായിരം രൂപ വീതവും പിഴയും ചുമത്തി. പരപ്പനങ്ങാടി പോക്‌സോ അതിവേഗ കോടതി ജഡ്ജി എ ഫാത്തിമാബീവിയാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്.

2020 മെയ് 21നാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനിരയായ പെണ്‍കുട്ടി 21നും അതിനുശേഷമുള്ള രണ്ടു ദിവസങ്ങളിലും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. പിന്നീടും കുട്ടി സമാനമായി പീഡിപ്പിക്കപ്പെട്ടതായി വിധിന്യായത്തില്‍ പറയുന്നുണ്ട്. സംഭവം അറിഞ്ഞിട്ടും പൊലിസില്‍ അറിയിക്കാത്തത് കൊണ്ടാണ് അമ്മക്കും അമ്മൂമ്മക്കും ശിക്ഷ വിധിച്ചത്. ഒന്നാം പ്രതിയായ പിതാവിനെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

ഒന്നാം പ്രതി പിഴത്തുക അടച്ചില്ലെങ്കില്‍ ആറു വര്‍ഷവും മൂന്നു മാസവും കൂടി അധികതടവ് അനുഭവിക്കേണ്ടി വരും. രണ്ടും മൂന്നും പ്രതികള്‍ പിഴയടച്ചില്ലെങ്കില്‍ 15 ദിവസം കഠിനതടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. പിഴസംഖ്യ പൂര്‍ണമായും അതിജീവിതയ്ക്കുള്ളതാണ്. പ്രതികള്‍ പിഴയടക്കാത്തപക്ഷം നഷ്ടപരിഹാരം നല്‍കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഷമ മാലിക്് ഹാജരായി.


Reporter
the authorReporter

Leave a Reply