മുംബൈ: രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്. വമ്പന്‍ ട്വിസ്റ്റായിട്ടാണ്ട് വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും എന്ന പ്രഖ്യാപനം വന്നത്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസാണ് പ്രഖ്യാപനം നടക്കിയത്. ഫഡ്നാവിസ് സർക്കാരിൻ്റെ ഭാഗമാകില്ല. ഇത് ഏകനാഥ് ഷിൻഡേയുടെ സർക്കാരാണെന്നായിരുന്നു ഫഡ്നാവിസിന്‍റെ പ്രഖ്യാപനം. രാത്രി 7 മണിക്കാണ് സത്യപ്രതിജ്ഞ നടക്കുക. രാജ്ഭവൻ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞയ്ക്കായി ചടങ്ങുകൾ നടക്കുക.
രണ്ടര വർഷക്കാലം നീണ്ട് നിന്ന മഹാവികാസ് അഖാഡി സഖ്യസർക്കാറിനാണ് ഇന്നലെ കര്‍ട്ടന്‍ വീണത്. വിശ്വാസ വോട്ടെടുപ്പിന് കാത്ത് നിൽക്കാതെ ഉദ്ദവ് രാജി വച്ചതോടെയാണ് പന്ത് ബിജെപിയുടെ കോർട്ടിലെത്തിയത്. വിമതരും സ്വതന്ത്രരുമടക്കടക്കമുള്ളവരുടെ പിന്തുണക്കത്തുമായിട്ടാണ് ദേവേന്ദ്ര ഫഡ്നാവിസ് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചത്. ഷിൻഡേയും ഫഡ്നവിസും ഒരേ വാഹനത്തിലാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും നദ്ദയുടേയും പിന്തുണയുള്ള സർക്കാരാണ് അധികാരത്തിൽ വരുന്നതെന്ന് ഏകനാഥ് ഷിൻഡേ പ്രതികരിച്ചു. മഹാരാഷ്ട്രയെ വികസനത്തിലേക്ക് നയിക്കുമെന്നും ഷിൻഡേ പറഞ്ഞു.1980ൽ ശിവസേനയിൽ പ്രവർത്തനം തുടങ്ങിയ ഏകനാഥ് ഷിൻഡേ 2004 മുതൽ തുടർച്ചയായി നാല് തവണ എംഎൽഎയായി. ഉദ്ദവ് സർക്കാരിന്‍റെ നഗര വികസന മന്ത്രി ആയിരുന്നു ഏകനാഥ് ഷിൻഡേ.