കോഴിക്കോട്: പി.എസ്.സി മുഖേന എൽപി, യു പി സ്കൂൾ അധ്യാപകരായി അഡ്വൈസ് ലഭിച്ചവർക്കുള്ള നിയമനങ്ങൾ രാഷ്ട്രീയ വൽക്കരിക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഡിഇ ഓഫിസ് ഉപരോധിച്ചു.
സിപിഎമ്മും എൻജിഒ യൂണിയനും ചേർന്ന് നടത്തുന്ന രാഷ്ട്രീയ നിയമനങ്ങൾക്ക് സർക്കാരും പിന്തുണ നൽകുകയാണെന്ന് യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി. സിപിഎമ്മിനും അവരുടെ അധ്യപക സംഘടനയ്ക്കും വേണ്ടി നിയമന ഉത്തരവുകൾ തിരുത്തുന്ന ജീവനക്കാർക്കെതിരെ നടപടി എടുക്കുന്നതിനു പകരം സംരക്ഷിച്ചു നിർത്തുന്നത് ഉദ്യോഗാർഥികളോടുള്ള വെല്ലുവിളിയാണ്. രേഖകൾ തിരുത്തിയ ജീവനക്കാർക്കെതിരെ വ്യാജരേഖ നിർമിച്ചതിനു കേസെടുത്ത് അറസ്റ്റ്റ്റ് ചെയ്യണം. ഉത്തരവാദിത്തം നിറേവേറ്റുന്നതിൽ ഡിഡിഇയും സൂപ്രണ്ടും പരാജയപ്പെട്ടിരിക്കുകയാണ്. ഒരു മണിക്കൂറോളം ഡിഡിഇ ഓഫിസ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മാവൂർ ജി യു പി സ്കൂളിൽ എൽപിഎസ് തസ്തികയിൽ
നിയമന ഉത്തരവ് ലഭിച്ച ലഭിച്ച വ്യക്തിക്ക് ബന്ധപ്പെട്ട സ്കൂളിൽ നിയമനം നൽകാതിരുന്നത് സിപിഎം നിർദേശിച്ച വ്യക്തിയെ നിയമിക്കുന്നതിനു വേണ്ടിയായിരുന്നു. ആനക്കാംപൊയിൽ ജി എൽ പി സ്കൂളിലും സമാനമായ രീതിയിലുള്ള തിരിമറി നടത്തിയിട്ടുണ്ട്. അധ്യാപക നിയമനങ്ങളിൽ
രാഷ്ട്രീയ ഇടപെടൽ അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ പറഞ്ഞു.
ഡിഡിഇ ഓഫിസ് ഉപരോധിച്ചതിന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ, സംസ്ഥാന ജന.സെക്രട്ടറി എം. ധനീഷ് ലാൽ, ഷാഹിദ് കടലുണ്ടി, വി.ടി.നിഹാൽ, ജറിൽ ബോസ്, വി.ടി.സൂരജ്, ജിനീഷ് ലാൽ മുല്ലശ്ശേരി, സനൂജ് കുരുവട്ടൂർ, മുക്ബർ ഷാ, ഫിലിപ് ചോല, ഷമീർ ചെറുവണ്ണൂർ, ശ്രീരഞ്ജ് മലാപ്പറമ്പ്, നിധിൻ എലത്തൂർ, അഖിൽ മാന്ത്രാ വിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.