കോഴിക്കോട്: എലപ്പുള്ളി ബ്രൂവറി പ്ലാന്റിന് സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ പാര്‍ട്ടി മുഖപത്രത്തിലൂടെ എതിര്‍പ്പ് പരസ്യമാക്കി സി.പി.ഐ. കര്‍ഷകര്‍ക്ക് ആശങ്കയെന്നും സംസ്ഥാന താല്പര്യത്തിന് നിരക്കാത്ത പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു. പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം സത്യന് മൊകേരിയാണ് ലേഖനമെഴുതിയത്.
കൃഷിക്ക് ഉപയോഗിക്കുന്ന വെള്ളം മദ്യനിര്‍മാണത്തിനായി ഉപയോഗിക്കാന്‍ അനുവദിക്കരുത്. മദ്യമാണോ നെല്ലാണോ പാലക്കാട്ടെ നെല്‍വയലില്‍ നിന്ന് ഉല്പാദിപ്പിക്കേണ്ടതെന്ന ചോദ്യം ഇതിലൂടെ ഉയര്‍ന്നുവരുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.
ലേഖനത്തില്‍ നിന്ന്:
സമീപകാലത്ത് കേരളത്തില്‍ ചര്‍ച്ചാവിഷയമായ പാലക്കാട്ടെ ബ്രൂവറി പ്ലാന്റ് കൃഷിക്കാരിലും കര്ഷകത്തൊഴിലാളികളിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്യുന്ന സ്ഥലമാണ് പാലക്കാട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ് പാലക്കാട് താലൂക്ക്. പാലക്കാട്ടെ നെല്‍കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനായി രൂപം നല്‍കിയതാണ് മലമ്പുഴ ഡാം. നെല്‍കൃഷി ചെയ്യുന്നതിന് ആവശ്യമായ ജലം ലഭ്യമാക്കുകയെന്നത് മലമ്പുഴ ഡാമിന്റെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മലമ്പുഴ ഡാമിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞുവരികയാണ്. ഇപ്പോഴുണ്ടാകുന്ന വെള്ളം പൂര്‍ണമായും കൃഷിക്ക് ലഭിക്കാത്ത സാഹചര്യവും വന്നുചേര്‍ന്നിട്ടുണ്ട്. വെ ള്ളം മറ്റുപല ആവശ്യങ്ങള്‍ക്കും വിട്ടുനല്‍കുന്ന പ്രവണത വര്‍ധിച്ചുവരുന്നതിന്റെ ഫലമായി കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കാത്ത സന്ദര്‍ഭങ്ങള്‍ പല ഘട്ടങ്ങളിലും ഉണ്ടാകുന്നു. ആവശ്യമായ ഘട്ടത്തില്‍ കൃഷിക്ക് വെള്ളം ലഭിക്കാത്തതിനാല്‍ നെല്‍ക്കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കര്‍ഷകര്‍ പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുമുണ്ട്.
പാലക്കാട്ട് ഭൂഗര്‍ഭ ജലത്തിന്റെ അളവും കുത്തനെ കുറയുന്നതായി നിരവധി പഠനങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അമിതമായി ഭൂഗര്‍ഭ ജലം ചൂഷണം ചെയ്യുന്നതിന്റെ അനന്തരഫലം കൊടും വരള്‍ച്ചയായിരിക്കും. പാലക്കാട്ടെ നെല്‍വയലുകള്‍ വരണ്ടുണങ്ങി മരുഭൂമിയാകുന്ന ഗുരുതരമായ ഭീഷണിയെ നേരിടുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കൃത്യമായി മഴ ലഭിക്കുന്നില്ല. മഴവെള്ളം സംഭരിക്കുന്നതിനായി വലിയ സംഭരണികള്‍ തുടങ്ങിയെങ്കിലും മഴ ആവശ്യത്തിന് ലഭിക്കാത്തതിനാല്‍ ഉദ്ദേശിച്ച ഫലം ലഭിക്കുന്നതുമില്ല. പാലക്കാട്ടെ കാര്‍ഷികമേഖല ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്ന സന്ദര്‍ഭത്തിലാണ് പാലക്കാട് താലൂക്കില്‍പ്പെട്ട മലമ്പുഴ നിയമസഭാ മണ്ഡലത്തിലെ എലപ്പുള്ളി ഗ്രാമപഞ്ചായത്തില്‍ മദ്യ വ്യവസായത്തിനായി ഒയാസിസ് കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങുന്നതിന് പ്രാഥമിക അനുമതി നല്‍കിയിട്ടുള്ളത്. മദ്യമാണോ നെല്ലാണോ പാലക്കാട്ടെ നെല്‍വയലില്‍ നിന്ന് ഉല്പാദിപ്പിക്കേണ്ടതെന്ന ചോദ്യം ഇതിലൂടെ ഉയര്‍ന്നുവരുന്നു.
മദ്യവ്യവസായത്തിന് എവിടെ നിന്നാണ് ജലം ലഭിക്കുക? നിലവിലുള്ള കൃഷി സംരക്ഷിക്കലല്ലേ പ്രധാനം എന്ന ചോദ്യം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. മദ്യ കമ്പനി വെള്ളം ചൂഷണം ചെയ്യുന്നതോടെ കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കില്ല. അതിലൂടെ കാര്‍ഷികമേഖലയാകെത്തന്നെ സ്തംഭനത്തില്‍ ആകുന്ന ഗുരുതരമായ സാഹചര്യമാണ് ഉണ്ടാവുക. എലപ്പുള്ളി പ്രദേശം ചിറ്റൂര്‍ മേഖലയിലാണ്. സംസ്ഥാനത്ത് ഭൂഗര്‍ഭ ജലം ഏറ്റവും കുറഞ്ഞ മേഖലയാണ് ഇത് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മലമ്പുഴ ഡാമില്‍ നിന്നും കൃഷിക്ക് ലഭിക്കേണ്ടുന്ന വെള്ളം മദ്യനിര്‍മ്മാണ കമ്പനിക്ക് വിട്ടുനല്‍കിയാല്‍ നെല്‍കൃഷി മേഖല ആകെ ഇല്ലാതാകും.
ലക്ഷക്കണക്കിന് കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ജീവിതമേഖലയാണ് കൃഷി. ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുകയും കൃഷിയെ തടസപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികള്‍ സംസ്ഥാനത്തിന്റെ താല്പര്യത്തിന് നിരക്കുന്നതല്ല.
ജലചൂഷണത്തിനായി കൊക്കൊകോള കമ്പനിയും പെപ്സി കമ്പനിയും നടത്തിയ നീക്കങ്ങള്‍ക്കെതിരായുള്ള സമരങ്ങള്‍ മാതൃകാപരമായിരുന്നു. ജനങ്ങള്‍ ആ പ്രക്ഷോഭത്തെ പിന്തുണച്ചു. കൃഷിക്കാവശ്യമായ ജലസമ്പത്ത് തട്ടിയെടുക്കാന്‍ കമ്പനികള്‍ നടത്തിയ നീക്കങ്ങള്‍ ജനകീയ ഇടപെടല്‍ മൂലം പരാജയപ്പെടുകയായിരുന്നു. കൃഷിക്ക് ഉപയോഗിക്കുന്ന വെള്ളം മദ്യ നിര്‍മ്മാണത്തിനായി ഉപയോഗിക്കാന്‍ അനുവദിക്കരുത്. അത്തരം നീക്കത്തില്‍ നിന്നും പിന്‍വാങ്ങണം. ജനങ്ങളുടെ താല്പര്യത്തിന് നിരക്കാത്ത പദ്ധതികള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും തയ്യാറാകണം.
2008ലെ തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍പ്പെട്ട സ്ഥലത്താണ് മദ്യ കമ്പനി തുടങ്ങുന്നതിനായി പ്രാഥമിക അനുമതി നല്‍കിയിട്ടുള്ളത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അനുമതി നിഷേധിച്ചപ്പോള്‍ പ്രത്യേകമായ അനുമതിയാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. അത്തരം അനുമതി നല്‍കിയത് പുനഃപരിശോധിക്കാന്‍ തയ്യാറാകണം. കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും നാടിന്റെയും താല്പര്യം സംരക്ഷിക്കണം.