രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റുകളാണ് രാവിലെ 8 മണിയോടെ ആദ്യഘട്ടത്തിൽ എണ്ണിത്തുടങ്ങിയത്. ആദ്യ സൂചനകളിൽ ദേശീയ തലത്തിൽ എൻഡിഎ മുന്നിലാണ്. കേരളത്തിൽ യുഡിഎഫാണ് ആദ്യ സമയങ്ങളിൽ മുന്നിട്ട് നിൽക്കുന്നത്. വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ എൻഡിഎ കേരളത്തിൽ 2 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
വയനാട്ടിൽ രാഹുൽ ഗാന്ധി മുന്നിട്ട് നിൽക്കുന്നു. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മുന്നിലാണ്. ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ മുന്നിട്ട് നിൽക്കുന്നു. തൃശൂരിൽ ആദ്യലീഡ് എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽകുമാറിനാണ്. കണ്ണൂരിൽ ആദ്യ സൂചനകൾ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ജയരാജന് അനുകൂലമാണ്. ഇടുക്കിയിൽ ആദ്യസൂചനകളിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് വളരെ മുന്നിലാണ്. എറണാകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ മുന്നിലാണ്. കൊല്ലത്ത് എൻകെ പ്രേമചന്ദ്രൻ മുന്നിട്ട് നിൽക്കുകയാണ്. വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ മുന്നിട്ട് നിൽക്കുന്നു. മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് മുന്നിലാണ്. കാസർകോട് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ മുന്നിലാണ്. കോഴിക്കോട്ട് എം കെ രാഘവൻ മുന്നിലാണ്. പത്തനംതിട്ടയിൽ തോമസ് ഐസക്ക് മുന്നിലാണ്. ആറ്റിങ്ങലിൽ വി ജോയ് മുന്നിട്ട് നിൽക്കുന്നു. ചാലക്കുടിയിൽ ബെന്നി ബെഹ്നാൻ മുന്നിട്ട് നിൽക്കുന്നു. പാലക്കാട് വിജയരാഘവൻ മുന്നിലാണ്. കോട്ടയത്ത് തോമസ് ചാഴിക്കാടൻ മുന്നിലാണ്.
തമിഴ്നാട്ടിലും യുപിയിലും ഇന്ത്യാ സഖ്യം മുന്നിട്ട് നിൽക്കുകയാണ്. പഞ്ചാബിൽ ആദ്യമുന്നേറ്റം കോൺഗ്രസിനാണ്. ബിഹാറിൽ എൻഡിഎ സഖ്യം മുന്നിട്ട് നിൽക്കുന്നു. കർണാടകയിൽ എൻഡിഎ ആദ്യ ഘട്ടത്തിൽ മുന്നിലാണ്. രാജസ്ഥാനിലും തെലങ്കാനയിലും എൻഡിഎ മുന്നിട്ട് നിൽക്കുന്നു. പശ്ചിമബംഗാളില്‍ ബിജെപി മുന്നിട്ട് നിൽക്കുന്നു. ഒരു സീറ്റില്‍ സിപിഎം മുന്നിലാണ്. പോസ്റ്റൽ വോട്ടുകൾ പൂർത്തിയായശേഷമാകും വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളെണ്ണുക. രാജ്യം അടുത്ത അഞ്ചുവര്‍ഷം ആര് ഭരിക്കമെന്ന് വോട്ടിംഗ് മെഷീൻ വോട്ടുകളെണ്ണിത്തുടങ്ങി മണിക്കൂറുകൾക്കകം അറിയാം. 11 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. ഏഴ് ഘട്ടങ്ങളിലായി നീണ്ടു നിന്ന തെരഞ്ഞെടുപ്പിനൊടുവിലാണ് രാജ്യമാകെ വോട്ടെണ്ണല്‍ നടക്കുന്നത്.
നിർണ്ണായക ജനവിധിക്കായി കാത്തിരിക്കുകയാണ് കേരളവും. സംസ്ഥാനത്ത് പോളിംഗ് കഴിഞ്ഞ് 39 ആം ദിവസമാണ് വോട്ടെണ്ണൽ നടക്കുന്നത്. 20 മണ്ഡലങ്ങളിലെയും മുന്നണി സ്ഥാനാർത്ഥികൾ വലിയ പ്രതീക്ഷയിലാണ്. നിയമസഭാ മണ്ഡലങ്ങൾ തിരിച്ചാണ് വോട്ടെണ്ണൽ നടക്കുന്നത്. ഓരോ മണ്ഡലങ്ങൾക്കും ഓരോ ഹാളുകൾ വീതം സജീകരിച്ചിട്ടുണ്ട്. പരമാവധി ഒരു ഹാളിൽ 14 ടേബിളുകളുണ്ട്. പോസ്റ്റൽ ബാലറ്റ് എണ്ണാൻ പ്രത്യേക ടേബിളുണ്ട്. ഇടിപിബിഎംഎസ് വോട്ടുകളും തപാൽ വോട്ടുകൾ പോലം റിട്ടേണിംഗ് ഓഫീസറുടെ മേശയിലാണ് എണ്ണുന്നത്. 12 മണിയോടെ അന്തിമ ഫലം വരും ഇവിഎം എണ്ണിത്തീർന്നാൽ ഒരു നിയമസഭാ മണ്ഡലത്തില 5 ബൂത്തുകൾ വീതം നറുക്കെടുത്ത് അവിടങ്ങളിലെ വിവിപാറ്റ് കൂടി എണ്ണിയാകും ഔദ്യോഗിക ഫല പ്രഖ്യാപനം.
നിരോധനാജ്ഞ
കൊല്ലം ജില്ലയില്‍ വോട്ടെണ്ണല്‍ നടക്കുന്ന തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്‌കൂള്‍ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ പ്രകാരം പൊതുയോഗമോ അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടാനോ പാടില്ല. രാവിലെ 5 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് നിരോധനജ്ഞ. അടിയന്തര വൈദ്യ സഹായം, നിയമ പാലനം, അഗ്‌നി സുരക്ഷ, സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ എന്നിവയ്ക്ക് അനുമതി ഉണ്ടെന്നും കലക്ടര്‍ അറിയിച്ചു. കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പരിധിയിലും കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ 11, 15 വാര്‍ഡുകളുടെ പരിധിയിലാണ് നിരോധനാജ്ഞ. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരുവമ്പാടിയിലെ വോട്ടെണ്ണുന്ന താമരശ്ശേരി കോരങ്ങാട് സെന്റ് അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 100 മീറ്റര്‍ ചുറ്റളവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ 10 മണി വരെ നിരോധനാജ്ഞ തുടരുമെന്ന് കലക്ടര്‍ അറിയിച്ചു.