കൊച്ചി: നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസ്. നടന്മാരായ മണിയന്‍പിള്ള രാജു, ഇടവേള ബാബു, പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, കോണ്‍ഗ്രസ് നേതാവ് അഡ്വ. ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെയാണ് വിവിധ പൊലിസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതേ നടിയുടെ പരാതിയില്‍ നേരത്തെ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ കേസെടുത്തിരുന്നു.
എറണാകുളം നോര്‍ത്ത് പൊലിസ് ആണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്തായിരുന്നു പീഡനം. അംഗത്വത്തിന് അപേക്ഷ നല്‍കാന്‍ ഫഌറ്റിലേക്ക് വിളിച്ച് പീഡിപ്പിച്ചുവെന്നാണു പരാതിയില്‍ പറയുന്നത്.
‘ഡാ തടിയാ’ സിനിമയുടെ സെറ്റില്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ ഐ.പി.സി 376(1) പ്രകാരം ഫോര്‍ട്ട് കൊച്ചി പൊലിസാണ് മണിയന്‍പിള്ള രാജുവിനെതിരെ കേസെടുത്തത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിളിനെതിരെ പാലാരിവട്ടം പൊലിസും കേസ് രജിസ്റ്റര്‍ ചെയ്തു.
ചന്ദ്രശേഖരനെതിരെ രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തത്. ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനാണ് ഇയാള്‍. പീഡന പരാതിക്കു പിന്നാലെ ചന്ദ്രശേഖരന്‍ ഇന്നലെ രാജിവച്ചിരുന്നു.
നേരത്തെ മരട് പൊലിസാണ് മുകേഷിനെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണു ചുമത്തിയിരിക്കുന്നത്. ആലുവയിലെ ഫ്‌ളാറ്റില്‍ 12 മണിക്കൂര്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസിന്റെ തുടര്‍നടപടികളിലേക്ക് പൊലിസ് കടന്നത്. പരാതിക്കാരിയുടെ മൊഴിപ്പകര്‍പ്പ് ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് കൈമാറിയിരുന്നു. നടിക്കെതിരെ ചൂഷണം നടന്നുവെന്ന് ആരോപണം ഉന്നയിച്ച സ്ഥലങ്ങളുടെ പരിധിയിലുള്ള പൊലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുക. സെക്രട്ടറിയേറ്റില്‍ അപമര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയില്‍ ജയസൂര്യയ്‌ക്കെതിരെ തിരുവനന്തപുരത്തും കേസ് രജിസ്റ്റര്‍ ചെയ്തു.