General

രാജ്യത്തെ ഏത് സീറ്റിലും ബിജെപിക്ക് വിജയിക്കാനാവും: പ്രകാശ് ജാവദേക്കര്‍


കരുവാരകുണ്ട്: രാജ്യത്ത് ഒരു സീറ്റും ആരുടെയും കുത്തകയല്ലെന്നും ഏത് സീറ്റിലും ബിജെപിക്ക് മത്സരിച്ച് വിജയിക്കാനാവുമെന്നും ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍. വയനാട് ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ വണ്ടൂര്‍ മണ്ഡലത്തിലെ ചോക്കാട് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി കുടുംബത്തിന്റെ ഉറച്ചമണ്ഡലം എന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്ന റായ്ബറേലിയില്‍ ഇന്ദിരാഗാന്ധിയും അമേഠിയില്‍ രാഹുലും തോല്‍വിയറിഞ്ഞിട്ടുണ്ട്.

ഇക്കുറി ചരിത്രം തിരുത്തി വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യഹരിദാസ് വിജയിച്ച് കയറുമെന്നും അദ്ദേഹം പറഞ്ഞു. 90 ശതമാനം കാര്‍ഷിക മണ്ഡലമായ വയനാട്ടിന് ഒരു സഹായവും പ്രിയങ്കയുടെ പാര്‍ട്ടി ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വനവാസികള്‍ ഉള്ള വയനാട്ടില്‍ ജനം ദുരിതം പേറിയാണ് ജീവിക്കുന്നത്. മോദി സര്‍ക്കാര്‍ വന്നതിനു ശേഷം രാജ്യത്ത് വിദ്യാഭ്യാസ, വ്യവസായ രംഗങ്ങളില്‍ വന്‍ കുതിപ്പുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചോക്കാട് നിന്നും ആരംഭിച്ച വാഹന പ്രചരണ ജാഥയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനൊപ്പം പ്രകാശ് ജാവദേക്കറും പങ്കെടുത്ത് വോട്ടഭ്യര്‍ത്ഥിച്ചു. കാളികാവ്, തുവ്വൂര്‍ വഴി കരുവാരകുണ്ടില്‍ വാഹന പ്രചാരണം സമാപിച്ചു. സമാപന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള, ജില്ലാ പ്രസിഡന്റ് രവി തേലത്ത്, ജില്ലാ സെക്രട്ടറിമാരായ ബി. രതീഷ്, പി.ആര്‍. രശ്മില്‍ നാഥ്, കാളികാവ് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ടി. ദാസന്‍, പ്രമോദ്, പി. മനോഹരന്‍, ടി.പി. സുനില്‍ ബോസ് കെ. ശിനീദ് തുടങ്ങിയവര്‍ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply