കോഴിക്കോട്:ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റില്‍ ആദ്യ ദിനത്തില്‍ കൗതുകമുണര്‍ത്തി സെയിലിങ് റഗാട്ടെ. ഇന്ന് (27) നടക്കുന്ന മത്സരത്തിലേക്കുള്ള പരിശീലനവും പ്രദര്‍ശനവുമാണ് ആദ്യ ദിനത്തില്‍ ബേപ്പൂര്‍ ബീച്ചില്‍ നടന്നത്. പായ്വഞ്ചികള് അണിനിരക്കുന്ന ജലസാഹസിക കായിക ഇനം മത്സരാര്‍ഥികള്‍ക്കും കാണികള്‍ക്കും ഒരുപോലെ ആവേശം പകരുന്നതാണ്.

ഒപ്ടിമിസ്റ്റ്, ഫണ്‍ ബോട്ട്, വിന്‍ഡ് സര്‍ഫിങ് എന്നീ ഇനങ്ങളിലാണ് മത്സരം. ലേസര്‍ പീകോക്ക് പബ്ലിക് ഷോയും ഉണ്ടാകും. വിവിധ ഘട്ടങ്ങളിലായി മത്സരാര്‍ഥികള്‍ മാറ്റുരക്കുകയും ഓരോ ഘട്ടത്തിലെയും മാര്‍ക്കുകള്‍ പരിഗണിച്ച് വിജയിയെ പ്രഖ്യാപിക്കുകയുമാണ് ചെയ്യുക. ജില്ലയില്‍ നിന്നുള്ള ഊര്‍ക്കടവ് ലെയ്ക്ക് സൈഡ് വാട്ടര്‍ സ്പോര്‍ട്സ് സെയിലിങ് അക്കാദമിയിലെ കുട്ടികളും മത്സരത്തിനിറങ്ങും. അക്കാദമിയിലെ ഐഹാന്‍ ആണ് നേതൃത്വം നല്‍കുന്നത്. ബംഗളൂരു, ഗോവ, മൈസൂരു, മംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ളവരും പങ്കാളികളാകും.

അറിയാം, ആസ്വദിക്കാം സാഹസിക ജലവിനോദങ്ങള്‍
സാഹസിക ജലവിനോദങ്ങള്‍ കാണാനും അനുഭവിച്ചറിയാനും പൊതുജനങ്ങള്‍ക്കും അവസരം. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റെ ഭാഗമായി ബനാന ബോട്ട്, സിറ്റിങ് ബമ്പര്‍, സ്ലീപ്പിങ് ബമ്പര്‍, കയാക്ക്സ്, സ്റ്റാന്‍ഡ് അപ്പ് പെഡല്‍സ്, ഡോണറ്റ് എന്നിവയിലാണ് കയറാനും ആസ്വദിക്കാനും അവസരമുണ്ടാകുക. രാവിലെ 11 മുതല്‍ വൈകിട്ട് 5.30 വരെയാണ് സന്ദര്‍ശന സമയം.










