
കോഴിക്കോട് : അഴകൊടി ദേവി മഹാക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പാടേരി സുനിൽ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്. ഇതോടെ 25മുതൽ നടന്നു വന്നിരുന്ന മഹാ ദ്രവ്യ കലശം സമാപിച്ചു. ഉത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.
സർക്കാർ ക്ഷേത്രങ്ങൾക്ക് ഓരോ ഘട്ടങ്ങളിലും പണം നൽകിക്കൊണ്ടിരിക്കുകയാണ്. അതേസമയം ഒരു നാണയം പോലും സർക്കാർ ക്ഷേത്രങ്ങളിൽ നിന്നും ശേഖരിക്കുന്നില്ല. എന്നാൽ അത്തരം കുപ്രചരണങ്ങൾ ധാരാളം കേൾക്കാൻ സാധിക്കുന്നുണ്ടെന്നു എം ആർ മുരളി പറഞ്ഞു. ഇന്ത്യയിൽ ആദ്യമായി ഒരു ക്ഷേത്രം വക സൗജന്യ ഡയാലിസിസ്, വൃക്ക രോഗ സ്‌പെഷ്യലിറ്റി ആശുപത്രി കാടാമ്പുഴയിൽ ആരംഭിക്കാൻ പോവുകയാണ്. ഇത് മലബാർ ദേവസ്വം ബോർഡ് മുന്നോട്ടു നയിക്കുന്ന മുന്നേറ്റമാണ്.
കോവിഡിന് ശേഷം ക്ഷേത്രോത്സവങ്ങൾ സജീവമായ്ക്കൊണ്ടിരിക്കുകയാണ്. ഓരോ ക്ഷേത്രങ്ങൾക്കും നാടിന്റെ ചരിത്രങ്ങളുമായി ഇഴ ചേർന്ന് കിടക്കുന്ന ബന്ധങ്ങൾ ഉണ്ടെന്നും ഓരോ നാടിന്റെയും ഉത്തമമായ സാംസ്‌കാരിക കേന്ദ്രങ്ങളായി ക്ഷേത്രങ്ങൾ മാറണമെന്നും ഉദ്ഘടന പ്രസംഗത്തിൽ എം ആർ മുരളി കൂട്ടിച്ചേർത്തു.
അഴകൊടി ദേവസ്വം ചെയർമാൻ ടി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ എ എൻ നീലകണ്ഠൻ, അഴകൊടി ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ വി ബാബുരാജ്, മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ കെ സുജാത, മലബാർ ദേവസ്വം ബോർഡ് അംഗങ്ങളായ എം ഗോവിന്ദൻ കുട്ടി, കെ മോഹനൻ മാസ്റ്റർ, അഴകൊടി ക്ഷേത്രം കാരണവർ കോളാട്ട് ശങ്കരൻകുട്ടി നായർ, അഴകൊടി ദേവസ്വം ട്രസ്റ്റി ബോർഡ് അംഗങ്ങളായ എൻ പി സമീഷ്, എം കെ രാജൻ, അഴകൊടി ക്ഷേത്രം സ്റ്റാഫ് പ്രതിനിധി എം ശ്രീജ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി, കമ്മീഷണർ എ എൻ നീലകണ്ഠൻ, അസിസ്റ്റന്റ് കമ്മീഷണർ കെ സുജാത എന്നിവരെ ആദരിച്ചു.
എട്ട് നാൾ നീണ്ടു നിൽക്കുന്ന ഉത്സവം മെയ് 7ന് ആറാട്ടോടെ സമാപിക്കും. ഉത്സവ നാളുകളിൽ സമീപ പ്രദേശങ്ങളിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നും ആഘോഷ വരവുകളും പ്രാദേശിക കലാപരിപാടികളും ഉണ്ടായിരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സുരക്ഷ ക്രമീകരണങ്ങളോടെയാണ് ഉത്സവാഘോഷം നടത്തുന്നതെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.