Sunday, December 22, 2024
CinemaGeneral

അല്ലു അർജുൻ ജയിൽ മോചിതനായി; സുരക്ഷാ കാരണങ്ങളാൽ പുറത്തിറക്കിയത് പിൻഗേറ്റിലൂടെ


ഹൈദരാബാദ്:പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ മനപൂര്‍വമല്ലാത്ത നരഹത്യാ കേസിൽ റിമാന്‍ഡിലായ തെന്നിന്ത്യൻ സൂപ്പര്‍ താരം നടൻ അല്ലു അര്‍ജുൻ ജയിൽ മോചിതനായി. ഇന്നലെ ഉച്ച മുതൽ ആരംഭിച്ച നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ഒരു രാത്രിയിലെ ജയിൽ വാസത്തിന് ഒടുവിൽ നടൻ അല്ലു അര്‍ജുൻ പുറത്തിറങ്ങുന്നത്.

ഇടക്കാല ജാമ്യം നൽകിയുള്ള ഹൈക്കോടതിയുടെ ഉത്തരവിന്‍റെ പകര്‍പ്പ് ലഭിച്ചതോടെയാണ് അല്ലുവിന്‍റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. പുലര്‍ച്ചെ അല്ലു അര്‍ജുനെ ജയിലിൽ നിന്ന് പുറത്തിറക്കുന്നതിലും ട്വിസ്റ്റുണ്ടായി. ജയിലിലെ പ്രധാന കവാടത്തിന് പുറത്ത് ആരാധകരടക്കമുള്ള നിരവധി പേര്‍ കാത്തുനിൽക്കെ പിന്‍ഗേറ്റ് വഴിയാണ് അല്ലുവിനെ പുറത്തിറക്കിയത്. തെലങ്കാന ചഞ്ചൽഗുഡ ജയിലിലെ ബാരക്ക് ഒന്നിലാണ് അല്ലു അര്‍ജുൻ ഇന്നലെ കഴിഞ്ഞത്. ജയിലിന്‍റെ പിന്‍ ഗേറ്റ് വഴിയാണ് അല്ലു അര്‍ജുനെ പുറത്തിറക്കിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാണിച്ച് മുൻഗേറ്റ് വഴി അല്ലു അര്‍ജുനെ പുറത്തേക്ക് കൊണ്ടുവരണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.

അല്ലു അർജുനൊപ്പം തീയറ്റർ ഉടമകളും ജയിൽ മോചിതരായി. സന്ധ്യ തീയറ്റർ മാനേജ്‌മെന്‍റ് ഉടമകളായ രണ്ട് പേരെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അവർക്കും ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരെയും അല്ലു അർജുനൊപ്പം റിലീസ് ചെയ്തു.അതേസമയം, ജയിൽ മോചനം വൈകിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അല്ലു അർജുന്റെ അഭിഭാഷകര്‍ പറഞ്ഞു. ഇന്നലെ രാത്രി ഒപ്പിട്ട ജാമ്യ ഉത്തരവ് ജയിലിൽ എത്തിയിരുന്നു. എന്നിട്ടും ജയിൽ മോചനം വൈകി എന്ന് അഭിഭാഷകര്‍ ആരോപിച്ചു. ഇതിനെതിരെ നിയമനടപടികളിലേക്ക് നീങ്ങുമെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.


Reporter
the authorReporter

Leave a Reply