എതിർപ്പുകൾ ഫലം കണ്ടില്ല : എലത്തൂരിൽ എ കെ ശശീന്ദ്രൻ തന്നെ സ്ഥാനാർത്ഥി
കോഴിക്കോട്: ശക്തമായ എതിർപ്പുകളെയും പാർട്ടിയിലെ ആഭ്യന്തര കലാപത്തെയും നേരിട്ട് എലത്തൂരിൽ വീണ്ടും സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് എ കെ ശശീന്ദ്രന്‍. തോമസ് കെ തോമസ് വീണ്ടും കൂട്ടനാട്ടില്‍ മത്സരിക്കും. മലപ്പുറത്ത് കെ ടി മുജീബിനെയും സ്ഥാനാര്‍ഥികളായി എന്‍സിപി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു.
എലത്തൂരില്‍ മുക്കം മുഹമ്മദിനെ സ്ഥാനാർത്ഥിയാക്കണമെന്ന ഭൂരിപക്ഷ ആവശ്യം തള്ളിക്കൊണ്ടാണ് എ കെ ശശീന്ദ്രനെ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഒമ്പതാം തവണയാണ് ശശീന്ദ്രന്‍ നിയമസഭയില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്.
എലത്തൂരില്‍ നാലാം വട്ടവും എ കെ ശശീന്ദ്രന്‍ മത്സരിക്കുന്നതിനെതിരെ എന്‍സിപി കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പുതിയൊരാള്‍ക്ക് അവസരം നല്‍കണമെന്നായിരുന്നു ആവശ്യം. എന്‍സിപി ജില്ലാ പ്രസിഡൻ്റും എൽ ഡി എഫ് ജില്ലാ കൺവീനറുമായ മുക്കം മുഹമ്മദിനെ സ്ഥാനാര്‍ത്ഥി ആക്കണമെന്നായിരുന്നു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്.
ഇന്ന് രാവിലെ കോഴിക്കോട് പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്ത എന്‍സിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ എകെ ശശീന്ദ്രനെതിരെ പ്രതിഷേധം ഉയര്‍ത്തി. എന്റെ പേരാണോ അയോഗ്യതയെന്ന് മുക്കം മുഹമ്മദ് യോഗത്തില്‍ ചോദിച്ചു. ഒരു മണ്ഡലത്തെ നോക്കി മതവും ജാതിയും ഉപ ജാതിയും പറയുന്നത് ശരിയല്ലെന്നും മുഹമ്മദ് പറഞ്ഞു. യോഗത്തില്‍ മുക്കം മുഹമ്മദിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന പ്രമേയവും അവതരിപ്പിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് ശശീന്ദ്രൻ്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായത്. നിരവധി സ്ഥാനങ്ങൾ നേടിയിട്ടും അധികാര മോഹമാണ് ഇപ്പോഴും ശശീന്ദ്രനെ നയിക്കുന്നതെന്ന് എൻ സി പി പ്രവർത്തകർ പറയുന്നു. പ്രായാധിക്യം കാരണം ഉത്തരവാദി ത്തങ്ങൾ നിറവേറ്റാൻ പോലും കഴിയാത്ത ശശീന്ദ്രൻ അധികാരത്തിൽ കടിച്ചു തൂങ്ങുന്നത് പ്രവർത്തകരോടുള്ള വെല്ലുവിളിയാണെന്നും ഇവർ വ്യക്തമാക്കുന്നു.1980 ലാണ് എകെ ശശീന്ദ്രന്‍ തെരഞ്ഞെടുപ്പ് മത്സരത്തിന് തുടക്കം കുറിക്കുന്നത്. ഏഴ് തെരഞ്ഞെടുപ്പില്‍ വിജയിച്ചു. പത്തുവര്‍ഷത്തോളം മന്ത്രിസ്ഥാനത്ത് ഇരുന്നു. 1980-ല്‍ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങളത്തു നിന്നാണ് ശശീന്ദ്രന്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുന്നത്. കോണ്‍ഗ്രസ് ടിക്കറ്റില്‍. പിന്നീട് കോണ്‍ഗ്രസ് എസിലും അതിനുശേഷം എന്‍സിപിയിലുമെത്തി. കഴിഞ്ഞ തവണ ശശീന്ദ്രന്‍ എലത്തൂരില്‍ 38,502 എന്ന ചരിത്ര ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇതേ സമയം എലത്തൂർ നിയമസഭാ മണ്ഡലത്തിൻ്റെ മുക്കിലും മൂലയിലും വികസനമെത്തിക്കാനും സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടാനും തനിക്ക് സാധിച്ചു വെന്ന് ശശീന്ദ്രൻ വ്യക്തമാക്കി.














