തിരുവനന്തപുരം: പതിനെട്ടാംപടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ടില്‍ അതൃപ്തി അറിയിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മികച്ച സേവനം നടത്തിയ ശേഷം പടിക്കല്‍ കലം ഉടയ്ക്കുന്ന പ്രവൃത്തിയാണു പൊലിസുകാരുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ബോര്‍ഡ് വിലയിരുത്തി. ശബരിമലയില്‍ ഏറെ കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന പൊലിസുകാരെ മുഴുവന്‍ ബാധിക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായതെന്നും ബോര്‍ഡ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്തിനെ ദേവസ്വം ബോര്‍ഡ് അതൃപ്തി അറിയിച്ചു.
ശബരിമല ഡ്യൂട്ടിക്കു ശേഷം ആദ്യ ബാച്ചിലെ പൊലിസുകാരാണു പതിനെട്ടാംപടിയില്‍നിന്ന് ഫോട്ടോ എടുത്തത്. ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതോടെ വിവാദമായി. തുടര്‍ന്ന് ഫോട്ടോ എടുത്ത എസ്എപി ക്യാംപിലെ 23 പൊലീസുകാരെ കണ്ണൂര്‍ കെഎപി4 ക്യാംപില്‍ നല്ലനടപ്പ് പരിശീലനത്തിന് അയയ്ക്കാന്‍ എഡിജിപി എസ് ശ്രീജിത്ത് നിര്‍ദേശം നല്കി. നടപടിയെ തുടര്‍ന്ന് 23 പൊലീസുകാരും ശബരിമലയില്‍ നിന്ന് പരിശീലനത്തിനായി മടങ്ങി.