Friday, December 27, 2024
GeneralLatest

അട്ടപ്പാടി മധു കേസ്; പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി, ആരെ വേണമെന്ന് കുടുംബത്തിന് തീരുമാനിക്കാം


അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂട്ടര്‍ ഹാജരാകാത്തത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നെന്ന് നിയമമന്ത്രി പി രാജീവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കേസിന്റെ ചുമതലയില്‍ നിന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വിടി രഘുനാഥിനെ മാറ്റി സര്‍ക്കാര്‍. മുമ്പും ഇക്കാര്യത്തില്‍ പ്രോസിക്യൂട്ടറെ താക്കീത് ചെയ്തിരുന്നെന്നും ഈ കേസിലേക്ക് 3 പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ കുടുംബത്തിന് നിര്‍ദ്ദേശിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.

കേസില്‍ നിന്നും ഒഴിയാന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിജിപിയ്ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച വി ടി രഘുനാഥാണ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചത്. ഇക്കാരണത്താല്‍ അദ്ദേഹം കോടതിയില്‍ ഹാജരായിരുന്നില്ല. കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റിയിട്ടുണ്ട്.

2018 ഫെബ്രുവരി 22-നാണ് കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച മധുവിന്റെ കൊലപാതകം നടന്നത്. മാനസിക അസ്വാസ്ഥ്യമുള്ള അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവാണ് ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായത്. മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് മധുവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്. മധുവിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമാണുയര്‍ന്നത്.

ലോകത്തിന് മുന്‍പില്‍ കേരളം തല താഴ്ത്തി നിന്നനാളുകളായിരുന്നു അത്. പ്രതികളായ പതിനാറു പേരെയും പൊലീസ് അറസ്റ്റു ചെയ്തു. 2018 മെയ് മാസം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികള്‍ വൈകുകയാണ്. പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്.


Reporter
the authorReporter

Leave a Reply