കോഴിക്കോട്: നഗരത്തിലെ വിവിധ ഹോട്ടലുകളിലും ഭക്ഷണശാലകളിലും കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാചകം ചെയ്യുന്നതായും, ഭക്ഷണസാധനങ്ങൾ ഫ്രീസറിൽ ശാസ്ത്രീയമായി സൂക്ഷിക്കാത്തതായും കണ്ടെത്തി. കൂടാതെ, നിശ്ചിത ഇടവേളകളിൽ ജലപരിശോധന നടത്തി റിപ്പോർട്ട് സൂക്ഷിക്കാത്തത്, ഹെൽത്ത് കാർഡ് ഇല്ലാത്ത തൊഴിലാളികൾ ഭക്ഷണം കൈകാര്യം ചെയ്യുന്നത്, ജൈവ-അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് കൃത്യമായ സംവിധാനങ്ങൾ ഒരുക്കാത്തത് തുടങ്ങിയ വീഴ്ചകളും പരിശോധനയിൽ ശ്രദ്ധയിൽപ്പെട്ടു.
15 ഓളം സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ ഇക്ര ഹോസ്പിറ്റൽ കാൻറീൻ,അറേബ്യൻ ടീ സ്റ്റാൾ, കുറ്റിയിൽ പടിയിൽ ഹോട്ടൽ എന്നീ സ്ഥാപനങ്ങളിലാണ് ന്യൂനത നോട്ടീസ് നൽകിയിട്ടുള്ളത്.. കണ്ടെത്തിയ ന്യൂനതകൾ അടിയന്തരമായി പരിഹരിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ആരോഗ്യ വിഭാഗം നോട്ടീസ് നൽകി.

കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിജേഷ് കുമാർ, ബാബു പി കെ, പ്രകാശൻ ടി.പി, റുക്സാന എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അനാരോഗ്യപരമായ ചുറ്റുപാടിൽ ഭക്ഷണപദാർത്ഥങ്ങൾ നിർമ്മിക്കുന്നതും വിതരണം ചെയ്യുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ദിലീപ് കുമാർ കെ അറിയിച്ചു


