……..🖋️കെ കെ ജയേഷ്
സൂര്യ വീണ്ടുമൊരു പോലീസ് വേഷത്തിൽ എത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷ വർധിക്കുന്നത് സ്വാഭാവികം. എന്നാൽ സിങ്കം പോലെ ഹൈവോൾട്ടേജ് പ്രകടനവുമായെത്തുന്ന ആക്ഷൻ ഹീറോയെ പ്രതീക്ഷിച്ചെത്തിയാൽ നിരാശപ്പെടേണ്ടിവരും. സീനിലെ ഡിഎസ്‍പി ഇൻബരാജ് അൽപം വ്യത്യസ്തനാണ്. ഡായ് എന്നലറി വില്ലൻമാരെ കൂട്ടത്തോടെ തകർത്തെറിയുന്ന നായകനല്ല അയാൾ. തിരിച്ചടികൾ ആവോളം നേരിടുന്ന ജീവിതത്തെ ആത്മവിശ്വാസത്തോടെയും പുഞ്ചിരിയോടെയും നേരിടുന്ന ഒരു നായകൻ. പൊലീസ് ഓഫീസറായ നായകന്റെ നേർക്ക് നേർ പൊരുതുന്ന അതിഗംഭീരനായ ഒരു വില്ലനും ഇവിടെയില്ല. ക്രൂരതയുടെ പര്യായമാണെങ്കിലും കോലു മുട്ടായിയും ഈമ്പിക്കൊണ്ട്, പുഞ്ചിരിയോടെ ആ സൈക്കോ കില്ലറെത്തും. പേര് ഈശ്വരൻ. സംഗതി ഒരു ക്രൈം ത്രില്ലർ ആണെങ്കിലും ആക്ഷനും സാഹസിക രംഗങ്ങളുമെല്ലാം നിറഞ്ഞ ഒരു ഡാർക്ക് ഷേഡ് പടമല്ല സീൻ. തന്റെ കഴിഞ്ഞ ചിത്രമായ ആവേശം പോലെ ഉടനീളം കോമഡി കലർത്തിയ ഒരു ഫൺ ക്രൈം ത്രില്ലറായാണ് ജിത്തു മാധവൻ ചിത്രത്തെ ഒരുക്കിയിട്ടുള്ളത്. പതിവ് സൂര്യ ചിത്രങ്ങളുടെ ആക്ഷൻ ചേരുവകൾ ഒന്നുമില്ലെങ്കിലും തുടർച്ചയായ രണ്ടു ഹിറ്റുകൾ സമ്മാനിച്ച ജിത്തുവും സൂര്യയും ഒന്നിക്കുമ്പോൾ ആവേശം നിറഞ്ഞ ഒരു ദീപാവലി വെടിക്കെട്ട് തന്നെയായി സീൻ മാറുന്നുണ്ട്.

ഏറെ പ്രയാസമേറിയ കേസുകൾ നല്ല രീതിയിൽ പരിഹരിക്കുന്ന ഉദ്യോഗസ്ഥനാണ് ഡി എസ് പി ഇൻബരാജ്. എന്നാൽ ജോലിയിൽ നിന്ന് രാജിവെക്കണമെന്ന് അയാൾ ആഗ്രഹിക്കുന്നു. ഇതിനിടയിലാണ് ഒരു കൊലപാതക കേസ് ഇദ്ദേഹത്തിന് മുന്നിലേക്ക് വരുന്നത്. താൻ പിടികൂടി ജയിലിലടച്ച പെർഫ്യൂ കില്ലർ എന്നറിയപ്പെടുന്ന വിക്ടറിന്റെ അതേ പാറ്റേണിലുള്ള കൊലപാതകം. ഇതോടെ വിക്ടറിനെ പിടികൂടിയത് പോലും ചോദ്യം ചെയ്യപ്പെടുമ്പോൾ ഇൻബരാജ് കൊലയാളിക്ക് പിന്നാലെ പോവുകയാണ്. ഈ യാത്ര പക്ഷേ അടിമുടി ത്രില്ലിങായ വഴികളിലൂടെയല്ല സംവിധായകൻ കൊണ്ടുപോകുന്നത്. ത്രില്ലും സസ്പെൻസും എല്ലാമുണ്ടെങ്കിലും ഹാസ്യത്തിന്റെ കൃത്യമായ അകമ്പടിയോടെയാണ് കാഴ്ചകൾ തെളിയുന്നത്. രസകരമായ സ്ക്രിപ്റ്റും വേഗമേറിയ അവതരണവും തന്നെയാണ് സീനിന്റെ ആകർഷണം. മൂന്നാറിൽ ഈശ്വരനിൽ ആരംഭിക്കുന്ന കഥ ചെന്നൈ നഗരത്തിന്റെ തിരക്കേറിയ വഴികളിലൂടെ അതിവേഗത്തിൽ സഞ്ചരിക്കുന്നു. വില്ലനും നായകനും ഇടയിലുള്ള അകലം. വില്ലനിലേക്കെത്താനുള്ള നായകന്റെയും നായകനെ തേടിയുള്ള വില്ലന്റെയും യാത്രയുമെല്ലാം ചേരുന്നതോടെ ചിത്രത്തിന്റെ രണ്ടാം പകുതി ഗംഭീരമായി മാറുന്നുണ്ട്. സൂര്യയെന്ന സൂപ്പർ താരത്തെ പൂർണമായും ഉടച്ചുകൊണ്ടാണ് ഡി എസ് പി ഇൻബരാജിനെ സംവിധായകൻ രൂപപ്പെടുത്തിയിട്ടുള്ളത്. സൂര്യയുടെ മാസ് രംഗങ്ങൾ പ്രതീക്ഷിച്ചെത്തുന്നവരെ തുടക്കം ഇതല്പം നിരാശപ്പെടുത്തുമെങ്കിലും സമീപകാലത്ത് ഏറ്റവും മനോഹരമായി സൂര്യയെ അവതരിപ്പിച്ച സംവിധായകന്റെ കൈയ്യടക്കത്തിൽ മാസ് രംഗങ്ങളുടെ കുറവ് വളരെ വേഗം അവർ മറക്കുകയും ചെയ്യും. കറുപ്പിലും വിശ്വനാഥൻ ആൻഡ് സൺസിലും തിളങ്ങിയ സൂര്യ സീനിൽ തന്നിലെ താരത്തെയും നടനെയും ഒരു പോലെ ഇൻബരാജിലൂടെ ആഘോഷമാക്കുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും ഏറ്റവും രസകരമായാണ് സംവിധായകൻ ഒരുക്കിയിട്ടുള്ളത്. മായായെത്തുന്ന നസ്രിയയുടെ സ്ക്രീൻ പ്രസൻസ് ഏറ്റവും മനോഹരമായി ചിത്രം ഉപയോഗിക്കുന്നു. വെറുതെ ഒരു നായിക എന്നതിന് പകരം കോമഡിയും ആക്ഷനുമെല്ലാമായി നസ്രിയ ചിത്രത്തെ തന്റേത് കൂടിയാക്കി മാറ്റുന്നുണ്ട്. സൂര്യയും നസ്രിയയും തമ്മിലുള്ള കെമിസ്ട്രിയുടെ മനോഹാരിതയും എടുത്തു പറയേണ്ടതാണ്. ഒരു കാലത്ത് വില്ലൻവേഷത്തിൽ തിളങ്ങി നിന്നിരുന്ന ആനന്ദ് രാജാണ് സൂര്യയുടെ അച്ഛനായെത്തുന്നത്. അപ്രതീക്ഷിതമായ പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. സൂര്യയുടെ അമ്മ, സ്റ്റീഫൻ ആയെത്തുന്ന ലാൽ, ഇൻസ്പെക്ടർ സിബിയായെത്തിയ രാജ് പ്രിയൻ, ഇൻസ്പെക്ടർ വിനോദായ സുരേഷ് മെതിയഴകൻ, മനോഹറായെത്തുന്ന ഗജരാജ് എന്നിവരെല്ലാം ഏറെ മികവോടെയാണ് കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നത്. സൂര്യക്കെതിരെ സൈക്കോ കില്ലറായ ഒരു വില്ലൻ. നസ്ലെൻ ഇത്തരമൊരു വേഷത്തിൽ എങ്ങനെ തിളങ്ങും എന്ന് സംശയത്തെ പൂർണമായും നിഷ്പ്രഭമാക്കിയാണ് ഈശ്വരൻ രംഗത്തെത്തുന്നത്. ‘ഈശ്വരാ’ എന്ന് വിളിച്ചുപോകുന്ന തരത്തിലൊരു വില്ലൻ. നോട്ടത്തിലും ഡയലോഗ് ഡെലവറിയിലുമെല്ലാം പുതിയ മാനസറിസങ്ങൾ കൊണ്ടുവരാൻ നസ്ലെന് സാധിച്ചു. അതിഥി വേഷത്തിൽ ടൊവീനോയും ജ്യോതികയും കയ്യടി നേടുന്നുണ്ട്.
ചിത്രത്തിലെ പ്രധാന പ്ലോട്ട് ആദ്യ രംഗത്ത് തന്നെ വ്യക്തമാക്കുന്നതുകൊണ്ട് സിനിമ ഇനിയെങ്ങനെ ആവേശകകരമായി മുന്നോട്ട് പോകും എന്ന ചിന്തയുണ്ടായിരുന്നു. സസ്പെൻസിനോ ട്വിസ്റ്റുകൾക്കോ ഇനി ഇടമുണ്ടോ എന്നും ചിന്ത വന്നു. ഇത് ശരിവെക്കുന്ന തരത്തിൽ ഗംഭീര തുടക്കത്തിന് ശേഷം കുറച്ച് നേരത്തേക്ക് ഒരു സാധാരണ ചിത്രം മാത്രമായി സീൻ മാറിപ്പോകുന്നുണ്ട്. കഥാപാത്രങ്ങളെ എസ്റ്റാബ്ലിഷ് ചെയ്യാനെടുക്കുന്ന സമയവും വേഗതക്കുറവുമെല്ലാമായി അത്രയേറെ ആവേശം പകരാതെ പോവുന്ന സിനിമ ഇന്റർവെൽ രംഗത്തോടെ പ്രതീക്ഷ നിറച്ചു. ദീപാവലി ആഘേഷങ്ങളുടെ പശ്ചാത്തലത്തിൽ ഇനിയൊരു വെടിക്കെട്ട് തന്നെയാവുമെന്ന് അപ്പോൾ ഉറപ്പിച്ചു. അത് ശരിവെക്കുന്ന തരത്തിലാണ് പിന്നീട് സിനിമയുടെ പോക്ക്. ആദ്യപകുതി ഗംഭീരമാക്കി രണ്ടാം പകുതിയിൽ തകർന്നടിയുന്ന കാഴ്ചകൾക്കിടയിൽ രണ്ടാം പകുതി അടിമുടി രോമാഞ്ചം പകരുന്ന തരത്തിലാണ് ജീത്തു ഒരുക്കിയിരിക്കുന്നത്. സുഷിൻ ശ്യാമിന്റെ സംഗീതവും അജ്മൽ സാബുവിന്റെ എഡിറ്റിംഗും വിനീത് അഗസ്റ്റിന്റെ ക്യാമറക്കാഴ്ചകളും ചേതൻ ഡിസൂസയുടെ ആക്ഷൻ കൊറിയോഗ്രഫിയുമെല്ലാം ചേരുന്നതോടെ രോമഞ്ചം പകരുന്ന ആവേശമായി സീൻ മാറുന്നു. ആവശ്യത്തിന് ഹൈ മൊമന്റുകൾ ഒരുക്കി കോമഡിയും ത്രില്ലും ആക്ഷനും ഇമേഷനുമെല്ലാം നിറച്ച് സീൻ മുന്നേറുമ്പോൾ ഒരു ഗംഭീര ദീപാവലി ആഘോഷമായി സിനിമ മാറുന്നു.


