LatestTourism

വിസ്മയ കാഴ്ചകളുടെ കക്കയം

Nano News

…….🖋️കെ കെ ജയേഷ്

നനുത്ത മഴയുള്ള പ്രഭാതത്തിലായിരുന്നു കക്കയത്തേക്കുള്ള യാത്ര. വളഞ്ഞും പുളഞ്ഞും നീളുന്ന പാതയിലൂടെ ബൈക്ക് ഇരമ്പി നീങ്ങി. ചുറ്റും ഹരം പിടിപ്പിക്കുന്ന കാഴ്ചകളുടെ സമൃദ്ധിയാണ്. മഴയിൽ കുളിച്ചു നിൽക്കുന്ന കാടിന്റെ വന്യത. പേടിയോടെ നോക്കിക്കാണുന്ന താഴ്‌വരക്കാഴ്ചകൾ. ആൾക്കൂട്ടത്തിന്റെ ബഹളങ്ങളില്ലാതെ ആസ്വദിക്കാവുന്ന കാടിന്റെ വന്യ ഗന്ധം. എങ്ങും പച്ചപ്പിന്റെ നിറ മനോഹാരിത.

ഡാമിന് കിലോ മീറ്ററുകൾക്കിപ്പുറത്താണ് കക്കയം അങ്ങാടി. കോഴിക്കോട് നിന്നുള്ള ബസ്സുകൾ ഇവിടെ യാത്ര അവസാനിപ്പിക്കും. ചെറിയ ചില കടകളും വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സുകളുമുള്ള ഒരു ചെറിയ അങ്ങാടിയാണ് കക്കയം. ഇവിടെ നിന്ന് ഡാമിലേക്കുള്ള ചുരം തുടങ്ങുന്നു. എൻട്രി പാസ് വാങ്ങിയാൽ മലമടക്കുകളുടെ നെഞ്ചിൻ നെറുകയിലൂടെയുള്ള യാത്ര ആരംഭിക്കാം. നല്ല മഴയുള്ളതുകൊണ്ട് നീരുറവകളെല്ലാം യൗവനത്തിന്റെ പ്രസരിപ്പോടെ റോഡിലേക്ക് കുത്തിയൊലിക്കുന്നുണ്ട്. റോഡ് പലയിടത്തും തകർന്നിരിക്കുകയാണ്. എത്ര നന്നാക്കിയാലും കക്കയത്തേക്കുള്ള റോഡുകൾ മഴക്കാലത്ത് തകർന്നടിയും. ഭീകരരൂപിയായി അലറിയെത്തുന്ന ഉരുൾ പൊട്ടലുകൾ റോഡിനെ വിഴുങ്ങി താണ്ഡവമാടും. വെള്ളച്ചാട്ടങ്ങളുടെ ചിതറിയ ശബ്ദങ്ങൾക്കിടയിലൂടെയാണ് യാത്ര.

കക്കയം അങ്ങാടിയിൽ നിന്ന് 13 കിലോ മീറ്ററാണ് ഡാം സൈറ്റിലേക്കുള്ള ദൂരം. ഡാം പരിസരത്തിന്റെ മനോഹാരിത ആസ്വദിക്കാൻ ഇന്ന് ധാരാളം യാത്രക്കാരെത്തുന്നുണ്ട്. ബൈക്കിലും ഓട്ടോകളിലുമൊക്കെയായി അവർ കാടിനെ, മണ്ണിനെ, പ്രകൃതിയെ അറിയുകയാണ്. ചുരത്തിന്റെ ഉയരത്തിലൊരിടത്ത് ബൈക്ക് നിർത്തി താഴേയ്ക്ക് നോക്കി. താഴ്ചയിൽ നിന്ന് കിതച്ച് കയറ്റം കയറുന്ന വാഹനങ്ങൾ ഉറുമ്പിൻ കൂട്ടങ്ങൾ പോലെ തോന്നിച്ചു. പെരുവെണ്ണാമൂഴി ഡാമിന്റെ ജലസംഭരണികൾ അത്യാകർഷകമായ ഒരു തടാകമായി മുന്നിൽ നിറയുന്നു. ഡാമിൽ നിന്ന് താഴെയുള്ള പവർഹൗസിലേക്ക് വെള്ളം കൊണ്ടുപോകാനുള്ള പെൻസ്റ്റോക്ക് പൈപ്പ് ഇരവിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ കാഴ്ചയിലുണ്ട്. പ്രകൃതി കലങ്ങിയില്ലെങ്കിൽ അങ്ങകലെ കൊയിലാണ്ടിയിലെ കടൽപ്പരപ്പും ഇവിടെ നിന്ന് ആസ്വദിക്കാനാവും.

ചുരത്തിന് മുകളിൽ വണ്ടി നിർത്തി ഡാം സൈറ്റിലേക്ക് നടന്നു. കാടിന്റെ ശബ്ദവും ഗന്ധവും ഇപ്പോൾ കൂടുതൽ വ്യക്തമാണ്. തണുത്ത കാറ്റിൽ യാത്രയുടെ ക്ഷീണം മുഴുവൻ അലിഞ്ഞില്ലാതാവുന്നു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിട്ടും അവഗണിക്കപ്പെടാനായിരുന്നു എന്നും കക്കയത്തിന് വിധി. അധികൃതരുടെ അവഗണനയാൽ കക്കയത്തിന്റെ വൈവിധ്യം പുറംലോകം വലുതായി അറിഞ്ഞില്ല. എന്നാൽ പിന്നീട് കാര്യങ്ങൾക്ക് മാറ്റമുണ്ടായി. കക്കയം ഉൾപ്പെടുന്ന വനമേഖലയെല്ലാം ചേർത്ത് മലബാർ വൈൽഡ് ലൈഫ് സാങ്ച്വറി രൂപീകരിച്ചതോടെ കക്കയത്തിന്റെ പെരുമ ലോകമറിഞ്ഞു.

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, ചെമ്പനോട, വില്ലേജുകളിൽ പെട്ട 74.215 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് വന്യജീവി സങ്കേതം വ്യാപിച്ചു കിടക്കുന്നത്. പശ്ചിമഘട്ട വന നിരകളിൽ വയനാട് പീഠഭൂമിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സങ്കേതം നിലവിൽ വന്നതോടെ സംസ്ഥാനത്തിന്റെ വനവിസ്തൃതിയുടെ 23 ശതമാനം സംരക്ഷിത മേഖലയായിരിക്കുകയാണ്.

ലോകത്തിലെ അപൂർവ്വങ്ങളായ വിവിധ സസ്യ ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് കക്കയം ഉൾപ്പെടുന്ന മലബാർ വന്യജീവി സങ്കേതം. ലോകത്ത് വംശനാശ ഭീഷണി നേരിടുന്ന വെള്ളമാറൻ, ചിസുചിലപ്പൻ, പതുങ്ങാൻ ചിലപ്പൻ, ചേരക്കോഴി എന്നിവയെ ഇവിടെ കണ്ടെത്തിയിട്ടുണ്ടെന്നത് സങ്കേതത്തിന്റെ പ്രധാന്യം വർദ്ധിപ്പിക്കുകയാണ്. ആന, കടുവ, പുലി, കാട്ടുപോത്ത്, മ്ലാവ്, കരടി തുടങ്ങിയ മൃഗങ്ങളുടെ ആവാസ സ്ഥലം കൂടിയാണ് ഇവിടം. കക്കയം അണക്കെട്ടിൽ നിന്ന് വൈദ്യുതിയും ഉത്പാദിപ്പിക്കുന്നുണ്ട്. കക്കയത്തിന്റെയും മലബാർ വന്യ ജീവി സങ്കേതത്തിന്റെയും പ്രത്യേകതകൾ ഇവയിലൊന്നും ഒതുങ്ങുന്നില്ല. കടലോളം നന്മകൾ നെഞ്ചിലേറ്റിയാണ് ഈ വനമേഖല നമുക്ക് മുമ്പിൽ നിൽക്കുന്നത്. കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകളുടെ ഉത്സവമാണ് ഇവിടം.

ഡാം സൈറ്റിൽ നിന്നും കാട്ടിലൂടെ വീണ്ടും നടന്നാലാണ് ഉരക്കുഴിയിലെത്തുക. നിഗൂഡമായ ഉരക്കുഴിയിലേക്കുള്ള യാത്രയും നിഗൂഡതകൾ നിറഞ്ഞതാണ്. കടത്ത പകലിലും ഇരുട്ടാണ് വഴികളിൽ. പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകിയെത്തുന്ന വെള്ളം പാറക്കെട്ടിലെ തുരങ്കത്തിലൂടെ താഴേക്ക് പതിക്കുന്നു. രണ്ടായിരത്തിലേറെ അടി താഴ്ചയിലേക്ക് ജലം പതിക്കുന്നത് ഭയാനകമായ കാഴ്ചയാണ്. വള്ളിക്കെട്ടുകൾക്കിടയിൽ പിടിച്ച് ഈ അപൂർവ്വ കാഴ്ച നമുക്ക് ആസ്വദിക്കാം.

മുകളിൽ നിന്ന് നോക്കിയാൽ കാണുന്ന ദൃശ്യങ്ങളെല്ലാം അഗാധതയിലാണ്. വൻമരങ്ങൾക്കിടയിലൂടെ താഴ്‌വരയിലേക്ക് ഊർന്നിറങ്ങുന്ന മൂടൽ മഞ്ഞ് കാഴ്ചകളെ മറയ്ക്കുന്നു. കാട്ടുമരങ്ങൾക്കിടയിൽ ഹുങ്കാരം തീർത്ത് ഓടിയെത്തുന്ന തണുത്ത കാറ്റ് ശരീരത്തെ തഴുകി കടന്നുപോയി. മഴയും മഞ്ഞും തീർക്കുന്ന ദൃശ്യപ്പൊലിമയിലൂടെ തിരകെ നടന്നു. കക്കയം ഇവിടെ തീരുന്നില്ല. രണ്ട് പുഴകൾ സംഗമിക്കുന്ന അമ്പലപ്പാറ, അത്തിക്കോട് പുൽമേട്, പേരമരങ്ങൾ നിറഞ്ഞ പേരയ്ക്കാമല, വേനലിലും വറ്റാത്ത ഗ്രീൻവാലി വെള്ളച്ചാട്ടം……… കാഴ്ചകളങ്ങനെ നീണ്ടുപോവുകയാണ് ഇവിടെ. കണ്ടതിനേക്കാൾ കാണാത്ത കാഴ്ചകളാണ് ഇവിടെ ഏറെയും. നിബിഡവനങ്ങളിലൂടെ സാഹസിക യാത്രയ്ക്ക് മുതിർന്നാൽ ബാണാസുരമലയിലൂടെ വയനാടൻ മണ്ണിലെത്താം. അതൊരു അപൂർവ്വ യാത്രയാണെന്ന് ആരോ പറഞ്ഞിരുന്നു.

തിരികെ നടക്കുമ്പോൾ വഴികളിൽ മഴ പെയ്തു തോർന്നിരുന്നു. ഇരുട്ട് വീണ കാട്ടിടവഴികളിലൂടെ മഴ വെള്ളം ഒലിച്ചിറങ്ങി. ചരിത്രമുറങ്ങുന്ന ആ വഴികളിലൂടെ ഞങ്ങൾ നടന്നു. കാഴ്ചകളുടെ നിലയില്ലാക്കയങ്ങളെ ആസ്വദിക്കാൻ വീണ്ടുമൊരിക്കൽ വരാമെന്ന പ്രതീക്ഷയോടെ. .


Reporter
the authorReporter

Leave a Reply

error: Content is protected !!