Latest

സസ്യലോകത്തേക്ക് പുതിയൊരു സുന്ദരി; കണ്ടെത്തിയത് ഇടുക്കിയിൽ നിന്ന്

Nano News

കോഴിക്കോട്: പശ്ചിമഘട്ടത്തിൽ നിന്ന് പുതിയൊരു സസ്യത്തെക്കൂടി തിരിച്ചറിഞ്ഞ് കാലിക്കറ്റ് സർവകലാശാലയിലെയും ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിലെയും ഗവേഷകർ. ഇടുക്കി ജില്ലയിലെ മാങ്കുളം, കല്ലാർ തുടങ്ങിയ പ്രദേശങ്ങളിൽ 1380 മുതൽ 1480 മീറ്റർ വരെയുള്ള ഉയരത്തിൽ നിന്നാണ് മെലാസ്റ്റോമറ്റേസിയെ സസ്യകുടുംബത്തിലെ ‘സുന്ദരിയില’ എന്നറിയപ്പെടുന്ന സോണറില ജനുസിൽപ്പെട്ട സസ്യത്തെ കണ്ടെത്തിയത്. കാലിക്കറ്റ് സർവകലാശാല സസ്യശാസ്ത്രവിഭാഗം മുൻ മേധാവിയും സീനിയർ പ്രഫസറുമായിരുന്ന ഡോ. സന്തോഷ് നമ്പി, കാലിക്കറ്റ് സർവകലാശാല മുൻ ഗവേഷകയും നിലവിൽ ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിൽ റിസർച് അസോസിയേറ്റുമായ ഡോ. എസ് രശ്മി, ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ഡോ. കെ കാർത്തികേയൻ, കാലിക്കറ്റ് സർവകലാശാല ഗവേഷകയായിരുന്ന ഡോ. ഡാനി ഫ്രാൻസിസ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ബോട്ടണി വിഭാഗം അധ്യാപകൻ ഡോ. വിഷ്ണു മോഹൻ എന്നിവരടങ്ങുന്ന ഗവേഷകരാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്.
ഫിൻലാൻഡിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേർണലായ ‘അനൽസ് ബോട്ടണിസി’ ഫെന്നിസിയിൽ കണ്ടെത്തലിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോണറില ജനുസ്സിനെ സസ്യലോകത്തിനു പരിചയപ്പെടുത്തിയ, ഇന്ത്യൻ സസ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന വില്യം റോക്സ്ബർഗിനോടുള്ള ആദരസൂചകമായി ‘ സോണറില റോക്സ്ബർഗി ‘ എന്നാണ് ഇതിനു ശാസ്ത്രീയനാമം നൽകിയിരിക്കുന്നത്. അറുപത് സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന സസ്യകാണ്ഡവും ഇളം പിങ്ക് നിറത്തോടു കൂടിയ പൂക്കളും ക്രമേണ നേർത്ത് ഞെട്ടിനോടുചേർന്ന് വളരുന്ന ഇലയുടെ മിനുസമേറിയ പരന്നഭാഗവും സോണറില റോക്സ്ബർഗിയെ വ്യത്യസ്തമാക്കുന്നു. പുതിയ കണ്ടെത്തലിന്റെ ഭാഗമായി, അതിതീവ്ര വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയിൽ ഈ സസ്യത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ സോണറില ജനുസിന്റെ അൻപതോളം സ്പീഷിസുകളുണ്ട്. അതീവ സംരക്ഷണ പ്രാധാന്യം അർഹിക്കുന്ന ഇവയിൽ ഭൂരിഭാഗവും കാണപ്പെടുന്നത് പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ പ്രദേശങ്ങളിലാണ്. പശ്ചിമഘട്ടമലയോര മേഖലകളിലെ അനിയന്ത്രിത നിർമാണപ്രവർത്തനങ്ങളും ടൂറിസവും ചെങ്കൽകുന്നുകളിലെ ഖനനവും ഇവയുടെ നിലനിൽപ്പിനെ ദോഷകരമായി ബാധിക്കുന്നതായി ഗവേഷകർ അഭിപ്രായപ്പെട്ടു.


Reporter
the authorReporter

Leave a Reply