General

സ്വാതി യെസ് പറഞ്ഞു; അപ്ലാസ്റ്റിക് അനീമിയ തോല്പിച്ച് കോഴിക്കോട് സ്വദേശി അനന്തു പുതിയ ജീവിതത്തിലേക്ക്

Nano News

കോഴിക്കോട്: സ്റ്റെം സെൽ ദാനം ചെയ്യാൻ ബംഗളുരു സ്വദേശിയായ സ്വാതി ‘ യെസ് ‘ പറഞ്ഞതോടെ ഗുരുതര അപ്ലാസ്റ്റിക് അനീമിയ ബാധിച്ചതിനെ തുടർന്ന് ജീവിതം കൈവിട്ടുപോയ 19 കാരൻ അനന്തവും കുടുംബവും നടന്നു കയറിയത് പുതിയ ജീവിതത്തിലേക്ക്. രണ്ടു വർഷത്തിനു ശേഷം ഇരുവരും ആദ്യമായി നേരിൽ കണ്ടപ്പോൾ അത് മറ്റൊരു ആനന്ദകരമായ നിമിഷമായി മാറി. പതിനഞ്ചാം വയസിൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് കോഴിക്കോട് സ്വദേശിയായ അനന്ദുവിന് ഗുരുതര അപ്ലാസ്റ്റിക് അനീമിയ സ്ഥിരീകരിച്ചത്.
കോവിഡ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ തുടർച്ചയായ പനി വരാൻ തുടങ്ങിയതോടെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. അസ്ഥിമജ്ജയിൽ പുതിയ രക്തകോശങ്ങൾ മതിയായ രീതിയിൽ നിർമിക്കപ്പെടാതെ ജീവൻ അപകടത്തിലാകുന്ന അവസ്ഥയാണ് അപ്ലാസ്റ്റിക് അനീമിയ. 2022 ൽ അനന്തുവിന് രോഗം സ്ഥിരീകരിക്കുമ്പോൾ അതീവ ഗുരുതരമായ ഗ്രേഡ് 10 പത്ത് ആയിരുന്ന അവസ്ഥ. ജീവൻ തിരിച്ചുപിടിക്കാൻ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് മാത്രമാണ് ഏക മാർഗമെന്ന് കോഴിക്കോട് എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിലെ പീഡിയാട്രിക് ഹെമാറ്റോ ഓങ്കോളജി, ബിഎം ടി വിഭാഗം കൺസൾട്ടന്റായ ഡോ. വി പി കൃഷ്ണൻ നിർദേശിച്ചതോടെ അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. മാനസികവും സാമ്പത്തികവുമായി വലിയ ബുദ്ധിമുട്ടുകൾ നേരിട്ടുവെങ്കിലും ദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിൽ നിന്നും അനന്തുവിന്റെ കുടുംബം പിന്നോട്ടു പോയില്ല. ബ്ലഡ് ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്കെതിരെ എതിരെ പോരാട്ടം നടത്തുന്ന ഡികെഎംഎസ് ഫൗണ്ടേഷനും അനന്തുവിനും കുടുബത്തിനും പിന്തുണയുമായി ഒപ്പം നിന്നു. ഇതിനിടയിൽ സ്റ്റെം സെൽ ദാതാവിനെ കണ്ടെത്തുന്നതിനായി ഡികെഎംഎസ് ഫൗണ്ടേഷൻ 2016 ൽ നടത്തിയ ഡോണർ രജിസ്ട്രേഷൻ ക്യാമ്പിൽ പങ്കെടുത്ത ബംഗളുരു സ്വദേശിയും ഐടി പ്രൊഫഷണലുമായ സ്വാതി പേര് രജിസ്റ്റർ ചെയ്തിരുന്നു. അനന്തുവിനായുള്ള ദാതാവിനെ കണ്ടെത്തുന്നതിനായി മാസങ്ങളോളം നടത്തിയ തിരച്ചിലിൽ സ്വാതിയുടെ ബ്ലഡ് സ്റ്റെം സെൽ അനുയോജ്യമാണെന്ന് കണ്ടെത്തി തുടർന്ന് 2022ൽ സ്റ്റെം സെൽ ദാനം ചെയ്യണമെന്നഭ്യർത്ഥിച്ച് ഡികെഎംഎസ് സ്വാതിയ സമീപിച്ചപ്പോൾ ഒരു നിമിഷം പോലും മടിക്കാതെ സ്വാതി സമ്മതം അറിയിച്ചു. ഭർത്താവടക്കമുള്ള കുടുംബാംഗങ്ങളും സ്വാതിയുടെ തീരുമാനത്തിന് പൂർണ പിന്തുണ നൽകിയതോടെ അനന്തു തിരികെ ജീവിതത്തിലേക്കുള്ള ആദ്യ പടി കയറി. 2023ന്റെ തുടക്കത്തിൽ ഡോ. വി പ. കൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം സ്വാതിയിൽ നിന്നും അനന്തുവിന് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് നടത്തി. അക്സസ് ടു ട്രാൻസ്പ്ലാന്റ് എന്ന പദ്ധതിയിലുടെ ഡികെഎംഎസ് ചികിൽസയ്ക്കും മറ്റുമായി സാമ്പത്തിക സഹായവും ലഭ്യമാക്കി.
സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ അനന്തു നിലവിൽ പ്ലസ് ടു വിദ്യാർഥിയാണ്. പഠനത്തിനൊപ്പം വീഡിയോഗ്രാഫിയും ഫോട്ടോ ഗ്രാഫിയും അനന്തു ചെയ്യുന്നുണ്ട്. ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയിൽ അടുത്തിട ജനിച്ച ആൺകുട്ടിയ്ക്കും കുടുംബത്തിനുമൊപ്പം സ്വാതിയും സന്തോഷത്തിലാണ്.


Reporter
the authorReporter

Leave a Reply