കോഴിക്കോട് : സ്വന്തമായി ഭൂമിയില്ലാത്തവരെ ഭൂമിയുടെ ഉടമസ്ഥരാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ വിജയിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോവൂര്‍ പി കൃഷ്ണപിള്ള മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ പട്ടയങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു.
തുടര്‍ന്നാണ് ജില്ലകളില്‍ പട്ടയ വിതരണം നടന്നത്. റവന്യൂ വകുപ്പ് മന്ത്രി കെ രാജന് ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു.
സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ മുന്നോട്ടുവച്ച പ്രധാന തീരുമാനമായിരുന്നു പട്ടയ വിതരണം വേഗത്തിലാക്കുക എന്നത്. അഞ്ചു വര്‍ഷം കൊണ്ട് കോഴിക്കോട് ജില്ലയില്‍ മാത്രം രണ്ടായിരത്തിലധികം പട്ടയങ്ങള്‍ വിതരണം ചെയ്യാനായത് റവന്യൂ വകുപ്പിന്റെയും സര്‍ക്കാരിന്റെയും പ്രധാന നേട്ടമാണ്. പട്ടയങ്ങളുടെ കാര്യത്തില്‍ ജനങ്ങളോട് നല്കിയ വാക്ക് പാലിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് കുട്ടിച്ചേര്‍ത്തു.
വടകര എല്‍ ടി 350, കോഴിക്കോട് എല്‍ ടി 870, താമരശ്ശേരി താലൂക്ക് മിച്ചഭൂമി 63, കോഴിക്കോട് താലൂക്ക് മിച്ചഭൂമി എട്ട്, വടകര താലൂക്ക് എല്‍ എ അഞ്ച്, താമരശ്ശേരി നാല് എന്നിങ്ങനെ 1300 പട്ടയങ്ങളാണ് ചടങ്ങില്‍ വിതരണം ചെയ്തത്.
ചടങ്ങില്‍ എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, ലിന്റോ ജോസഫ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ സി കവിത, ഇ അനിതകുമാരി, ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, എഡിഎം സി മുഹമ്മദ് റഫീഖ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










