BusinessLatest

കല്ലുത്താൻ കടവിൽ അത്യാധുനിക പച്ചക്കറി മാർക്കറ്റ് പ്രവർത്തന സജ്ജം; 21 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

Nano News

കോഴിക്കോട്: നഗര വികസനത്തിന് പുതിയ മുഖം സമ്മാനിച്ച് കല്ലുത്താൻ കടവിൽ അത്യാധുനിക പച്ചക്കറി മാർക്കറ്റ് (ന്യൂ പാളയം മാർക്കറ്റ്) പ്രവർത്തന സജ്ജം. സംസ്ഥാനത്തെ ഏറ്റവും വലുതും അത്യാധുനിക സൗകര്യങ്ങളോടെയുള്ളതുമായ ന്യൂ പാളയം മാർക്കറ്റ് 21 ന് രാവിലെ ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോർപറേഷൻ പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിൽ നടപ്പിലാക്കിയ ആദ്യത്തെ ബൃഹദ് പദ്ധതിയാണ് കല്ലുത്താൻ കടവ് മാർക്കറ്റ് സമുച്ചയമെന്ന് മേയർ ഡോ. ബീനാ ഫിലിപ്പ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നൂറ് കോടിയോളം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർണമായും പ്രാവർത്തികമാക്കിയിരിക്കുന്നത്. കല്ലുത്താൻ കടവ് ഏരിയ ഡെവലപ്മെന്റ് കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടപ്പാക്കിയത്. 2009 ലാണ് പദ്ധതിയുടെ കരാർ ഒപ്പുവെച്ചത്. കല്ലുത്താൻ കടവിലെ ചേരി നിവാസികളെ ആധുനിക നിലവാരത്തിലുള്ള ഫ്ലാറ്റിലേക്ക് മാറ്റിത്താമസിപ്പിച്ചതിന് ശേഷമാണ് മാർക്കറ്റ് സമുച്ചയത്തിന്റെ പ്രവൃത്തി ആരംഭിച്ചത്. പദ്ധതി നടപ്പിലാക്കുന്നതിനായി 27 കോടിയോളം രൂപ ചെലവഴിച്ച് കോർപറേഷൻ സ്ഥലം ഏറ്റെടുത്തിരുന്നു. പാളയം മാർക്കറ്റിനെ അപേക്ഷിച്ച് ഏറെ സൗകര്യങ്ങളോടു കൂടിയുള്ളതാണ് കല്ലുത്താൻ കടവിലെ ന്യൂ പാളയം മാർക്കറ്റ്. മനോഹരമായ രൂപകൽപനയും അതിനനുസൃതമായ സൗകര്യങ്ങളും മാർക്കറ്റിന്റെ മുഖമുദ്രയാണ്. വ്യാപാരികൾക്കും തൊഴിലാളികൾക്കും കൂടുതൽ സുഗമമായ അന്തരീക്ഷം ഒരുക്കുന്നതോടൊപ്പം മാർക്കറ്റിലെത്തിച്ചേരുന്ന പൊതുജനങ്ങൾക്കും ഒരു പുതിയ അനുഭവമാകുമെന്ന് മേയർ പറഞ്ഞു.
അഞ്ചര ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിൽ ആറ് ബ്ലോക്കുകളായിട്ടാണ് മാർക്കറ്റ് നിർമിച്ചത്. പ്രധാന ബ്ലോക്കിന്റെ മുകൾ ഭാഗത്തുൾപ്പെടെ സജ്ജീകരിച്ചിരിക്കുന്ന പാർക്കിങിൽ ഒരേ സമയം അഞ്ഞൂറോളം വാഹനങ്ങൾക്ക് സുഗമമായി പാർക്ക് ചെയ്യും. മൂന്നര ലക്ഷം സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന സമുച്ചയത്തിൽ മുന്നൂറോളം ഫ്രൂട്സ് ആന്റ് വെജിറ്റബിൾ ഷോപ്പുകളാണ് ഉൾക്കൊള്ളുന്നത്. ഇതിനു പുറമെ അനുബന്ധ കച്ചവടക്കാർക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ പാളയം മാർക്കറ്റ് അവിടെ നിന്ന് മാറ്റുന്നതിന്റെ ഭാഗമായി തൊഴിൽരഹിതരാവാനിടയുള്ള പാളയത്തെ ഉന്തുവണ്ടി പെട്ടിക്കട കച്ചവടക്കാരെ കൂടി മാർക്കറ്റിന്റെ ഭാഗമാക്കുന്നുണ്ട്. ഇതോടൊപ്പം സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് വിനോദത്തിനുള്ള സൗകര്യങ്ങൾ കൂടി സജ്ജീകരിക്കും. നഗരത്തിന്റെ ഹാപ്പിനെസ്സ് സെന്ററായി ന്യൂ പാളയം മാർക്കറ്റിനെ ഉയർത്തിക്കൊണ്ടു വരുന്നതിനുള്ള തുടർ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. നഗര ഹൃദയമായ പാളയത്തെ ജനത്തിരക്കും ഗതാഗത തടസങ്ങളും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനുള്ള പദ്ധതി ആവിഷ്ക്കരിച്ചത്. വർഷങ്ങളോളം പഴക്കമുള്ള പച്ചക്കറി മാർക്കറ്റ് നവീന മാതൃകയിലുള്ള കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതോടെ നഗരത്തിലെ തിരക്കിനും കുറവുണ്ടാവും. സാധാരണക്കാർക്ക് വാഹനങ്ങളിൽ എത്തിച്ചേർന്ന് പച്ചക്കറികൾ വാങ്ങുന്നതിനുള്ള സൗകര്യം ഒരുങ്ങുകയും ചെയ്യും. എടിഎം, പൊലീസ് എയ്ഡ് പോസ്റ്റ്, സൗജന്യ വൈ ഫൈ, ട്രേഡ് യൂണിയൻ സംഘടനകൾക്കുള്ള പ്രത്യേക സൗകര്യം എന്നിവയും മാർക്കറ്റിൽ ഒരുക്കും.
ഉദ്ഘാടന ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. പച്ചക്കറി മാർക്കറ്റിലെ മൾട്ടിലെവൽ മാർക്കറ്റ് ഉദ്ഘാടനം മന്ത്രി എം ബി രാജേഷും ഹോൾസെയിൽ ആന്റ് ഓപ്പൺ മാർക്കറ്റ് ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസും നിർവഹിക്കും. എം കെ രാഘവൻ എംപി, അഹമ്മദ് ദേവർകോവിൽ എം എൽഎ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി- ട്രേഡ് യൂണിയൻ പ്രതിനിധികൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷരായ ഡോ. എസ് ജയശ്രീ, പി കെ നാസർ, സെക്രട്ടറി കെ യു ബിനി, ഹെൽത്ത് ഓഫിസർ ഡോ. മുനവർ റഹ്‌മാൻ തുടങ്ങിയവർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply