Generalpolice &crimePolitics

പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്

Nano News

കോടതി പ്രതികളെ കേട്ടിരുന്നു. ശിക്ഷയിൽ ഇളവ് തേടി പ്രതികൾ പ്രാരാബ്ദങ്ങൾ പറഞ്ഞു. ബിരുദം പൂർത്തിയാക്കണമെന്നും പട്ടാളക്കാരൻ ആകാൻ ആഗ്രഹിച്ചിരുന്നുവെന്നുമുള്ള ഏഴാം പ്രതി അശ്വന്റെയും വയോധികനാണെന്നും പ്രായമുള്ള അമ്മയെ നോക്കണമെന്നുമുള്ള മുൻ എംഎൽഎ കെ വി കുഞ്ഞിരാമന്റെ അഭ്യർത്ഥനയും കോടതി കേട്ടു.

2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ കൊലയല്ല, വ്യക്തിപരമായ വിരോധത്തിന്റെ പേരിലുള്ള കൊല എന്ന് പറഞ്ഞ് സിപിഎം നിസ്സാരവ‌ൽക്കരിക്കാൻ ശ്രമിച്ച കേസിലാണ് സിബിഐ കോടതി ജില്ലാ സെക്രട്ടറിയേറ്റ് അംഗമടക്കം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിൽ സിബിഐ അന്വേഷണം തടയാൻ ശ്രമിച്ചത് ഇവരെ സംരക്ഷിക്കാനായിരുന്നു എന്ന ആരോപണം ബലപ്പെടുകയാണ്. ശക്ഷിക്കപ്പെട്ട പലരും നിരപരാധികളാണെന്നാണ് സിപിഎം വാദം.

ടി പി ചന്ദശേഖരൻ വധത്തിന് ശേഷം സിപിഎം ഏറ്റവും കൂടുതൽ പഴികേട്ട കേസാണ് പെരിയ ഇരട്ടക്കൊലപാതകം. കൃത്യമായ രാഷ്ട്രീയ ആസൂത്രണമെന്ന് അന്നേ വ്യക്തമായിട്ടും ലോക്കൽ കമ്മറ്റി അംഗം പീതാബരനെ പഴി ചാരി മുഖം രക്ഷിക്കാനായിരുന്നു സിപിഎം ശ്രമം. ഇപ്പോൾ ശിക്ഷിക്കപ്പെട്ടവരിൽ കാസർകോട്ടെ സിപിഎമ്മിന്റെ പ്രധാന നേതാക്കളുടെ നീണ്ട നിരയാണ് കാണാനാവുക. ജില്ലാ സെക്രട്ടറിയേറ്റ് അംഗം, കൊലപാതകം നടക്കുമ്പോൾ ഏരിയാ സെക്രട്ടറിയായിയരുന്ന നേതാവ് ലോക്കൽ സെക്രട്ടറി, ലോക്കൽ കമ്മറ്റി അംഗം ,ബ്രാഞ്ച് അംഗം എന്നിങ്ങനെ പാർട്ടിയുടെ എല്ലാ തലത്തിലുമുള്ള നേതാക്കൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയതോടെ രാഷ്ട്രീയ കൊലയല്ല എന്ന സിപിഎം വാദം പൊളിയുകയാണ്. ഇരയ്ക്ക് നീതി ലഭ്യമാക്കേണ്ട അതേ സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്ത് സുപ്രീകോടതി വരെ പോയതും സിപിഎമ്മിന്റെ നിർദ്ദേശപ്രകാരമായിരുന്നു. സിബിഐ പിന്നീട് പ്രതികളാക്കിയ എല്ലാവരെയും ശിക്ഷിച്ചില്ല എന്ന ആശ്വാസം സിപിഎമ്മിനുണ്ട് എങ്കിൽ പോലും ആ പട്ടികയിൽപ്പെട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി കുഞ്ഞിരാമന് കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയത് പാർട്ടിക്ക് വലിയ തിരിച്ചടിയാണ്.

വലിയ ജനവികാരം ഉണ്ടായപ്പോൾ ഏരിയാ സെക്രട്ടറിയിൽ വരെ ക്രൈംബ്രാഞ്ച് അന്വേഷണം എത്തിയിരുന്നു. അതും വൈകിയായിരുന്നു. തിടുക്കപ്പെട്ട് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത് കേസിലെ സിബിഐ അന്വേഷണം തടയാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു എന്നും ആക്ഷേപം ഉയ‍ർന്നിരുന്നു. എന്നാൽ ഹൈക്കോടതി കുറ്റപത്രം റദ്ദാക്കിയാണ് കേസ് സിബിഐക്ക് കൈമാറിയത്. ഭരണത്തിന്‍റെ തണൽ രാഷ്ട്രീയ കൊലപാതകികൾക്കും നൽകാൻ സിപിഎം ഏറ്റവും പ്രകടമായി ശ്രമിച്ച കേസ് കൂടിയാണ് പെരിയയിലേത്. കണ്ണൂരിലെ പല കേസുകളിലും ടിപി കേസിലും ഉന്നയിച്ചത് പോലെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയവർ നിരപരാധികളാണെന്ന വാദമാണ് സിപിഎം ഉന്നയിക്കുന്നത്. കൃപേഷിന്റെയും ശരതിന്റെയും കുടുംബത്തിന് ഒപ്പമുണ്ടായിരുന്ന മുൻ കോൺഗ്രസ് നേതാവ് കൂടിയായ അഡ്വ സികെ ശ്രീധരനെ സിപിഎം അടർത്തിയെടുത്തത് പോലും ഈ കേസിലുള്ള താല്പര്യത്തിന്റെ പേരിലായിരുന്നു. ഒന്നാം പിണറായി സർക്കാരിനെയും സിപിഎമ്മിനെയും വലിയ രീതിയിൽ പ്രതിക്കൂട്ടിലാക്കിയ ഈ കേസിലെ വിധി കോൺഗ്രസിന് രാഷ്ട്രീയ നേട്ടമാകും.


Reporter
the authorReporter

Leave a Reply

error: Content is protected !!