Cinema

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല

Nano News

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല. ജാമ്യ ഹർജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. സിദ്ദീഖിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. അതേസമയം ഫോണ്‍ ഓഫിലാണെന്നും സിദ്ദീഖ് ഒളിവില്‍ പോയെന്നും റിപ്പോര്‍ട്ടുണ്ട്.  

തനിക്കെതിരായ ആരോപണങ്ങള്‍ ആടിസ്ഥാനരഹിതമാണെന്നാണ് സിദ്ദിഖ് ഹർജിയില്‍ ബോധിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് യുവനടി ഉന്നയിച്ച ആരോപണങ്ങളില്‍ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്കു പിന്നിലുള്ളതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിദ്ദിഖ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.

നടനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരി വയ്ക്കുന്നതാണ് തെളിവുകളെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് സിദ്ദിഖിനെതിരെ ലൈംഗിക അതിക്രമ കേസ് രജിസ്റ്റര്‍ ചെയ്തത്. യുവ നടിയാണ് പരാതി നല്‍കിയത്. 2016 ജനുവരി 28നാണ് സംഭവമെന്നായിരുന്നു നടിയുടെ ആരോപണം. നിള തിയേറ്ററില്‍ സിനിമ പ്രിവ്യു കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.


Reporter
the authorReporter

Leave a Reply