സംസ്ഥാനത്ത് പലയിടത്തും മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യകാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിലവില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളില്‍ ക്ലോറിനേഷന്‍ നടത്താനും ഹോട്ടലുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നല്‍കാനും നിര്‍ദേശമുണ്ട്.
രോഗലക്ഷണം ഉള്ളവരാകട്ടെ നിര്‍ബന്ധമായും ചികിത്സ തേടണം. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നവരും കുടിവെള്ളത്തിന്റെ കാര്യത്തില്‍ ശ്രദ്ധ നല്‍കണം. ഐസ്, വെള്ളം എല്ലാം കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. കാരണം വൃത്തിയില്ലാത്ത വെള്ളത്തിലൂടെ രോഗം എളുപ്പത്തില്‍ പകരാം.
പാത്രങ്ങള്‍ കഴുകാനോ, ശരീരം വൃത്തിയാക്കാനോ ഉപയോഗിക്കുന്ന വെള്ളവും വൃത്തിയുള്ളത് തന്നെയാണെന്ന് ഉറപ്പുവരുത്തണം. ഇങ്ങനെയും രോഗബാധയുണ്ടാകാം. അതുപോലെ തന്നെ സെപ്റ്റിക് ടാങ്കുകളില്‍ നിന്ന് കിണറുകളിലേക്ക് വെള്ളച്ചോര്‍ച്ചയുണ്ടാകുന്നുണ്ടെങ്കില്‍ അതും പെട്ടെന്ന് കണ്ടെത്തി പരിഹരിക്കണം. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. മഞ്ഞപ്പിത്തത്തിന് സ്വയം ചികിത്സ പാടില്ല. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ശാസ്ത്രീയമായ ചികിത്സ തന്നെ തേടണം.
രോഗ ലക്ഷണങ്ങള്‍
2 മുതല്‍ 6 ആഴ്ച വരെ ഇടവേളയിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. സാധാരണയായി 28 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്.
ക്ഷീണം, പനി, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, വിശപ്പില്ലായ്മ, ചൊറിച്ചില്‍, മഞ്ഞപ്പിത്തം (കണ്ണിലെ വെളുത്ത ഭാഗം, മൂത്രം, ത്വക്ക്, നഖങ്ങള്‍ എന്നിവ മഞ്ഞ നിറത്തില്‍ ആവുക.) എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
ശ്രദ്ധിക്കേണ്ടത്
അസുഖ ബാധിതര്‍ ധാരാളം വെള്ളം കുടിക്കുകയും, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണം. സാധാരണ രോഗലക്ഷണങ്ങള്‍ക്കുള്ള മരുന്നുകള്‍ മാത്രമേ ആവശ്യം വരാറുള്ളു. അംഗീകൃതമല്ലാത്ത മരുന്നുകളും, ആവശ്യമില്ലാത്ത മരുന്നുകളും ഉപയോഗിക്കുന്നതിലൂടെ കരളിന്റെ പ്രവര്‍ത്തനം കൂടുതല്‍ വഷളായി മരണം വരെ സംഭവിക്കാം.
പ്രതിരോധ മാര്‍ഗങ്ങള്‍
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക.
കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക.
സെപ്ടിക്ക് ടാങ്കും കിണറും തമ്മില്‍ നിശ്ചിത അകലമുണ്ടെന്ന് ഉറപ്പു വരുത്തുക.
ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.
6 മാസത്തെ ഇടവേളയില്‍ 2 ഡോസ് വാക്‌സിന്‍ എടുത്താല്‍ ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാം.