കൊച്ചി: കേരള മനസാക്ഷിയെ ആകെ ഞെട്ടിച്ച തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി. ജെ ജോസഫിന്‍റെ കൈവെട്ടിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷ വിധിച്ച് കോടതി. മുഖ്യപ്രതികളായ പ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 9, 11, 12 പ്രതികളായ നൗഷാദും മൊയ്തീൻ കുഞ്ഞും അയൂബും 3 വർഷം വീതം തടവ് അനുഭവിക്കണം. മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടവർക്ക് കോടതി ജാമ്യം അനുവദിച്ചു. ടി ജെ ജോസഫിന് എല്ലാം പ്രതികളും ചേർന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. നേരത്തെ പ്രഖ്യാപിച്ച പിഴ ശിക്ഷയ്ക്ക് പുറമെയാണിത്. കൊച്ചിയിലെ എൻ ഐ എ കോടതിയാണ് വിധി പറഞ്ഞത്.
ചോദ്യപേപ്പറിലെ മതനിന്ദയാരോപിച്ച് പോപ്പുലർഫ്രണ്ടിന്‍റെ മേൽനോട്ടത്തിൽ പ്രൊഫസർ ടി. ജെ ജോസഫിന്‍റെ കൈകൾ താലിബാൻ രീതിയിൽ വെട്ടിമാറ്റിയെന്നാണ് പ്രോസിക്യൂഷൻ കേസ്. രണ്ടാംഘട്ട വിസ്താരം പൂർത്തിയാക്കിയ കൊച്ചിയിലെ എൻ ഐ എ കോടതി അഞ്ചുപേരെ ഇന്നലെ വെറുതെ വിട്ടിരുന്നു. പ്രൊഫസർ ടി ജെ ജോസഫിന്‍റെ കെവെട്ടിമാറ്റുന്നതിന് കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത, ടിജെ ജോസഫിന്‍റെ കൈ പിടിച്ച് കൊടുത്ത സജിൽ, എല്ലാത്തിന്‍റെയും സൂത്രധാരനായ പോപ്പുലർ ഫ്രണ്ട് നേതാവ് എം കെ നാസർ, ആസൂത്രണത്തിൽ പങ്കുളള നജീബ് എന്നിവർക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരിന്നത്. കൃത്യത്തിന് ശേഷം പ്രതികളെ രക്ഷപെടാൻ സഹായിച്ചതിനാണ് മറ്റു മൂന്നു പ്രതികളായ നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയ്യൂബ് എന്നിവർ കുറ്റക്കാരെന്ന് കണ്ടെത്തിയത്. തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടിജെ ജോസഫ് തയാറാക്കിയ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികൾ കൃത്യം നടത്തിയതെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ.