കോഴിക്കോട്:തലക്കുളത്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ പബ്ലിക് റിലേഷൻ ഓഫീസറായ റുബീനയെ ഓഫീസിൽ കയറി ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ രാവിലെയാണ് ആശുപത്രിയിൽ വെച്ച് സംഭവം നടന്നത്. രോഗിയുടെ കൂട്ടിരിപ്പുകാരനായ ഒരാൾ ഒ പി യിൽ വരികയും ഡോക്ടർ ഇല്ലെന്ന് പരാതിപ്പെട്ട് പിആർഒ ഓഫീസിൽ എത്തി ഔദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഓഫീസ് ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരും എത്തിയപ്പോൾ കൂടുതൽ പ്രകോപനപരമായ രീതിയിൽ പെരുമാറുകയും ചെയ്തു.
ആശുപത്രിയിൽ നടന്ന പ്രതിഷേധ യോഗത്തിൽ പി ആർ ഒ സംഘടന പ്രതിനിധികൾ പങ്കെടുത്തു. എത്രയും വേഗം പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.
യോഗത്തിൽ കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിലെ പി ആർ ഒ മാരായ അജു സെബാസ്റ്റ്യൻ, ബിനോയ് വിക്രം , ജസ്റ്റിൻ തോമസ് , സിതാര ഇ ,സൗമ്യ ഫിലിപ്പ് , മുഹ്സിൻ അലി , ജിഷ എം ഒ , സൂരജ് കെ ബേബി തുടങ്ങിയവർ സംസാരിച്ചു.