കോഴിക്കോട്: സംഘപരിവാർ നേതൃത്വം നൽകുന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇന്ത്യയെന്ന ആശയത്തെപ്പോലും തകർക്കാൻ പരിശ്രമിക്കുന്നവരാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. പി സന്തോഷ് കുമാർ എംപി. ഇന്ത്യയുടെ വൈവിധ്യങ്ങളിൽ അധിഷ്ഠിതമായ പ്രോജ്ജ്വല ചരിത്രത്തെയും മതനിരപേക്ഷതപേറുന്ന വർത്തമാനകാലത്തെയും ജനാധിപത്യനിരതമാകേണ്ട ഭാവി കാലത്തെയും ഒരുപോലെ തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സമുന്നത സിപിഐ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന പി കെ വിയുടെ പതിനെട്ടാം ചരമ വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ ‘മണിപ്പൂർ കലാപം – ഇന്ത്യയെന്ന ആശയത്തിന്റെ ഭാവി’ എന്ന വിഷയത്തിൽ ഉദ്ഘാടന പ്രഭാഷണം നടത്തുകയായിരുന്നു സന്തോഷ് കുമാർ.
ബിജെപി വിഭാവനം ചെയ്ത ആസൂത്രിതമായ കലാപമാണ് മണിപ്പുരിൽ നടക്കുന്നത്. മണിപ്പൂരിന്റെ രോദനം രാജ്യത്തിന്റെയാകമാനമാണ്. ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് പ്രധാനമന്ത്രി. രാജ്യം അപകടത്തിലാവുമ്പോൾ വിവാദ വിഷയങ്ങളിൽ അഭിരമിക്കുകയാണ് പ്രധാനമന്ത്രി. ഇത് രാജ്യത്തിന് നാണക്കേടാണ്.
സംഘപരിവാർ അജണ്ടയുടെ ഭാഗമായുള്ള പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. അതിന്റെ ഭാഗമാണ് മണിപ്പൂർ കലാപം. ചരിത്രത്തെയും വർത്തമാനത്തെയും ഭാവിയെയും ആക്രമിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് സംഘപരിവാർ ശക്തികള്‍.
പി കെ വി ഇന്ത്യ കണ്ട ഏറ്റവും മികച്ച പാർലമെന്റേറിയനും ലാളിത്യത്തിന്റെയും മനുഷ്യത്വത്തിന്റെയും ആൾരൂപമായിരുന്നു. കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു പി കെ വിയെന്ന പി കെ വാസുദേവൻ നായർ. ജനങ്ങള്‍ക്കിടയില്‍ എക്കാലവും സ്വീകാര്യനായിരുന്ന അദ്ദേഹം. രാഷ്ട്രീയത്തിനൊപ്പം സാംസ്കാരിക മേഖലയിലും സജീവമായിരുന്നു അദ്ദേഹം. പി കെ വിയുടെ സ്മരണ പുതുതലമുറയ്ക്ക് കരുത്തു പകരട്ടെയെന്നും പുതിയ ഉത്തവാദിത്തങ്ങൾ ഏറ്റെടുക്കാൻ പ്രചോദനമാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ, ജില്ലാ അസി. സെക്രട്ടറിമാരായ അഡ്വ. പി ഗവാസ്, പി കെ നാസർ. ജില്ലാ എക്സി. അംഗങ്ങളായ ഇ സി സതീശൻ, ചൂലൂർ നാരായണൻ, റീന മുണ്ടേങ്ങാട്ട്, പിലാക്കാട്ട് ഷൺമുഖൻ എന്നിവർ സംസാരിച്ചു. സിറ്റി സൗത്ത് മണ്ഡലം സെക്രട്ടറി പി കെ അസീസ് ബാബു സ്വാഗതവും സിറ്റി നോർത്ത് മണ്ഡലം സെക്രട്ടറി എം കെ പ്രജോഷ് നന്ദിയും പറഞ്ഞു.