നികുതി കൂടാത്തത് ശുദ്ധവായുവിന് മാത്രം: അഡ്വ.വി.കെ.സജീവൻ
കോഴിക്കോട്: വൈദ്യുതി ഉപഭോക്താക്കൾക്ക് വൻ ബാധ്യത അടിച്ചേൽപിച്ച് ഇരട്ടസർചാർജ് ഏർപെടുത്തിക്കൊണ്ടുളള വൈദ്യുത ബോർഡിൻറെ തീരുമാനം ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ.
ജൂൺ മുതൽ നവമ്പർ വരെ ഒമ്പത് പൈസ സർചാർജായി ഈടാക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പഴയ അപേക്ഷപ്രകാരം അനുവാദം നൽകിയതിന് പുറമെയാണ് യൂണിറ്റിന് 10 പൈസ അധികം ഈടാക്കാൻ വൈദ്യുത ബോർഡ് നേരിട്ടും തീരുമാനിച്ചത്.ഇതോടെ പത്തൊൻപത് പൈസയാണ് ഉപഭോക്താക്കൾ അധികം നൽകേണ്ടിവരുന്നത്.40 പൈസ ഒറ്റയടിക്ക് വർദ്ധിപ്പിക്കാൻ നോക്കിയത് പത്തു പൈസ ആയി ചുരുങ്ങിയത് അതിലധികം ബോർഡ് നേരിട്ട് വർദ്ധിപ്പിക്കരുതെന്ന് കേന്ദ്ര നിർദ്ദേശം ഉളളതുകൊണ്ട് മാത്രമാണ്.
തമിഴ്നാട്ടിലും,കർണ്ണാടകയിലും 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുമ്പാൾ കേരളത്തിൽ നാൽപത് യൂണിറ്റിൽ താഴെയുളളവർക്ക് സർചാർജ് ഒഴിവാക്കിയെന്നാണ് അവകാശപ്പെടുന്നത്.വൈദ്യുത ചാർജ് ഈ മാസാവസാനം വീണ്ടും വർദ്ധിപ്പിക്കാനാണ് സർക്കാർ നീക്കം.ഇതിന് പുറമെ സർചാർജും കൂടിയാവുമ്പോൾ വൈദ്യുതിബിൽ താങ്ങാൻ പറ്റില്ല.
തമിഴ്നാടും ,കർണ്ണാടകയും ഉൾപ്പെടെ 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുമ്പോൾ കേരളം വൈദ്യുതിചാർജ് വർദ്ധനയിൽ ദേശീയ ചാമ്പ്യനാവുകയാണ്. വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ ബി.ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെളളക്കരവും,കെട്ടിട പെർമിറ്റ് ഫീസും,പെട്രോളിയം അധികനകുതിയുമുൾപ്പെടെ വിലവർദ്ധനവ് അടിച്ചേൽപിക്കുന്ന സംസ്ഥാനസർക്കാർ ഇനി ശുദ്ധവായുവിന് കൂടി മാത്രമേ നികുതി ഏർപെടുത്താൻ ബാക്കിയുളളൂ എന്നും സജീവൻ പരിഹസിച്ചു. ജനങ്ങളുടെ മേൽ അമിതവൈദ്യൂതി ചാർജ്ജ് അടിച്ചേൽപ്പിക്കുന്ന പിണറായി സർക്കിന് ജനങ്ങൾ “ഷോക്ക് ട്രീറ്റ്മെൻ്റ്” നൽകേണ്ട കാലം അതിക്രമിച്ചെന്നും വി.കെ.സജീവൻ പറഞ്ഞു.
ബി.ജെ.പി ജില്ലാ വൈസ് പ്രസിഡൻ്റ് ഹരിദാസ് പൊക്കിണാരി അദ്ധ്യക്ഷത വഹിച്ചു.ഒ.ബി.സി. മോർച്ച സംസ്ഥാന പ്രസിഡൻ്റ് എൻ.പി.രാധാകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ.കെ.വി.സുധീർ, ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.രമണി ഭായ്, ബി.കെ.പ്രേമൻ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡൻ്റ് ശശിധരൻനാരങ്ങയിൽ, ജില്ലാ സെൽ കോഡിനേറ്റർ ടി. ചക്രായുധൻ, ജില്ലാ ട്രഷറർ വി.കെ.ജയൻ,
കൗൺസിലർമാരായ സരിതാ പറയേരി, രമ്യാ സന്തോഷ്, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ജുബിൻ ബാലകൃഷ്ണൻ, എസ്.സി.മോർച്ച ജില്ലാ പ്രസിഡൻ്റ് മധുപുഴയരികത്ത്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻറ് ഷെക് ഷിദ്, തുടങ്ങിയവർ സംസാരിച്ചു.