കോഴിക്കോട്: വ്യാപാരി വ്യവസായി സമിതി 11-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു. ആവേശം അലയടിച്ച അന്തരീക്ഷത്തിൽ കടപ്പുറം ഫ്രീഡം സ്ക്വയറിലെ എം പി കൃഷ്ണൻ നഗറിൽ സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയയാണ് പതാക ഉയർത്തിയത്.
ആലപ്പുഴയിലെ ഒ അഷ്റഫിന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് പ്രയാണം തുടങ്ങിയ പതാക ജാഥയും കൊയിലാണ്ടിയിലെ എം പി കൃഷ്ണന്റെ സ്മൃതി മണ്ഡപത്തിൽനിന്ന് പ്രയാണം തുടങ്ങിയ കൊടിമര ജാഥയും മുതലക്കുളത്ത് സംഗമിച്ച ശേഷമാണ് കടപ്പുറത്തെത്തിയത്. ഇരുചക്ര വാഹനങ്ങളുടെയും ബാൻഡ് വാദ്യങ്ങളുടെയും അകമ്പടിയോടെയാണ് ഇരു ജാഥകളെയും കടപ്പുറത്തേക്ക് ആനയിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് വി പാപ്പച്ചൻ പതാക ജാഥക്കും സംസ്ഥാന ജോ. സെക്രട്ടറി സി കെ വിജയൻ കൊടിമര ജാഥക്കും നേതൃത്വം നൽകി.
പൊതുസമ്മേളന നഗരിയിൽ വി പാപ്പച്ചനിൽ നിന്ന് പതാക ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യനും കൊടിമരം സി കെ വിജയനിൽനിന്ന് ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൾ ഗഫൂറും ഏറ്റുവാങ്ങി. സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു സംസാരിച്ചു. സ്വാഗത സംഘം രക്ഷാധികാരി എ പ്രദീപ് കുമാർ, സംസ്ഥാന ട്രഷറർ എസ് ദിനേഷ്, ബിന്നി ഇമ്മട്ടി, ടി എൻമോസ് എന്നിവരും സംസ്ഥാന ഭാരവാഹികളും ഉൾപെടെ നിരവധി പേർ പങ്കെടുത്തു.
23 ന് ഫ്രീഡം സ്ക്വയറിൽ പൊതുസമ്മേളനവും 24, 25 തീയതികളിൽ ആശീർവാദ് ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനവും നടക്കും.
വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് ചൊവ്വാഴ്ച വ്യാപാരി റാലി. കോഴിക്കോട് കടപ്പുറം ഫ്രീഡം സ്ക്വയറിലെ എം പി കൃഷ്ണൻ നഗറിലാണ് റാലിയും പൊതുസമ്മേളനവും. വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കേന്ദ്രീകരിച്ച പ്രകടനമില്ല. സമിതി പതാകയേന്തി ചെറുപ്രകടനങ്ങളായി പ്രവർത്തകർ കുടുംബ സമേതം കടപ്പുറത്തെത്തും. പൊതുസമ്മേളനത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും. മുൻ മന്ത്രി എളമരം കരീം എംപി മുഖ്യപ്രഭാഷണം നടത്തും. വ്യാപാര പ്രമുഖരെ മുൻ മന്ത്രി ടി പി രാമകൃഷ്ണൻ എംഎൽഎ ആദരിക്കും. സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ അധ്യക്ഷനാകും.
പ്രതിനിധി സമ്മേളനം 24, 25 തീയതികളിൽ ആശീർവാദ് ഓഡിറ്റോറിയത്തിലെ ഒ അഷ്റഫ് നഗറിൽ നടക്കും. 24 ന് രാവിലെ 10ന് മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ അധ്യക്ഷനാകും.
സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ് ദിനേഷ് കണക്കും അവതരിപ്പിക്കും. വൈകിട്ട് പൊതുചർച്ച തുടങ്ങും. കലാപരിപാടികളുമുണ്ടാകും.
25 നും പൊതുചർച്ച തുടരും. മുതിർന്ന വ്യാപാരികളെ മന്ത്രി അഹമ്മദ് ദേവർകോവിൽ ആദരിക്കും. പൊതുചർച്ചക്കുള്ള മറുപടി, സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് എന്നിവയും 25 ന് നടക്കും.