വടകര: ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ വടകരയിലെ ജനറൽ ആൻഡ് ലാപറോസ്കോപ്പിക് സർജറി വിഭാഗം 4,000-ത്തിലധികം ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിന്റെ ഭാഗമായി രോഗികളുടെ സംഗമമായ സമാഗമം ’26 സംഘടിപ്പിച്ചു. വടകര ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികളും കുടുംബാംഗങ്ങളും ഹോസ്പിറ്റലിലെ ഡോക്ടർമാരും ജീവനക്കാരും പങ്കെടുത്തു.

മലയാള സിനിമ താരവും സംവിധായകനുമായ മധുപാൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വടകര നഗരസഭ ചെയർപേഴ്സൺ പി.കെ. ശശി മുഖ്യാതിഥിയായിരുന്നു. ഹോസ്പിറ്റൽ ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. സുനിൽ പ്രശാന്ത്, ജനറൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. നസീർ പി, ജനറൽ ആൻഡ് ലാപറോസ്കോപ്പിക് സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. വൈശാഖ് രാജൻ, അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. റജ്വ നൗഫൽ, സീനിയർ കൺസൾട്ടന്റ് അനസ്തേഷ്യോളജിസ്റ്റ് ഡോ. അൻസാർ സി.എം, റേഡിയോളജി ആൻഡ് ഇമേജിങ് വിഭാഗം ലീഡ് കൺസൾട്ടന്റ് ഡോ. രാജേഷ് കിഴേടത്ത്, വാർഡ് കൗൺസിലർ ബിജു കുമാർ എന്നിവർ സംസാരിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച രോഗികൾ തങ്ങളുടെ ചികിത്സാനുഭവങ്ങളും ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ അനുഭവങ്ങളും പങ്കുവച്ചു. രോഗികൾക്കും ഡോക്ടർമാർക്കും പരസ്പരം സംവദിക്കാനും ചികിത്സാ യാത്രയിലെ അനുഭവങ്ങൾ പങ്കുവയ്ക്കാനും സംഗമം അവസരമൊരുക്കി. നഴ്സിംഗ് സൂപ്രണ്ടന്റ് രജിത ആർ.യു. ചടങ്ങിൽ നന്ദി പറഞ്ഞു.


