കോഴിക്കോട്: സംഘപരിവാർ വിധേയത്വത്തിന്റെ എല്ലാ വിധത്തിലുള്ള ഇടപെടലുകളും സംസ്ഥാന സർക്കാർ നിരന്തരം പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ രാജൻ എംഎൽഎ. ആർ എസ് എസ് വിധേയത്വമുള്ള ഒരു സംഘടന തീരുമാനിക്കുന്ന ചോദ്യങ്ങൾക്ക് കുട്ടികളെക്കൊണ്ട് മറുപടി പറയിപ്പിക്കാൻ പറ്റുന്ന വിധത്തിലാണ് ബാലഗോകുലത്തിന്റെ മയിൽപ്പീലി മാസിക യങ് സ്കോളർഷിപ്പ് പരീക്ഷ നടത്തിയത്. അതിന്റെ രണ്ടു തലം കഴിഞ്ഞിട്ടാണ്, മാധ്യമങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ മാത്രം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വിഷയം അറിഞ്ഞതെന്നത് അപമാനകരമാണ്. ലീഗിന്റെ നേതാവ് കൂടിയായിട്ടുള്ള ഒരു വിദ്യാഭ്യാസ വകുപ്പ് മന്ത്രി കേരളത്തിൽ അധികാരത്തിൽ ഇരിക്കുമ്പോൾ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതും മന്ത്രി അറിഞ്ഞില്ല എന്ന് പറയുന്നതും അപമാനകരമാണ്. മന്ത്രി അറിഞ്ഞില്ലെങ്കിൽ മന്ത്രിയുടെ തലയ്ക്ക് മീതെ ആരാണ് സംഘപരിവാരത്തിന്റെ ഏജന്റായി ഇങ്ങനെ ചോദ്യം ചോദിക്കുന്നതെന്ന പ്രശ്നം ഗൗരവമായി എടുക്കേണ്ടതുണ്ടെന്നും കെ രാജൻ കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാസർക്കോട് ജില്ലയിൽ നടന്ന സോഷ്യൽ സയൻസ് ക്ലബ് ഫ്രീഡം ക്വിസിൽ ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന ചോദ്യത്തിന് ഉത്തരമായി വി ഡി സവർക്കർ എന്നു നൽകിയിരുന്നു. ഭീരുത്വത്തിന്റെ ഉദാഹരണമായി, രാജ്യം അപമാനകരമായി കാണുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവിന്റെ പേരാണ് ടെബ്രേക്കർ ചോദ്യത്തിനുള്ള ഉത്തരമായി നൽകിയിരുന്നത്. ചോദ്യം അധ്യാപകന്റെ കുറ്റമാണ് എന്നാണ് അന്ന് വിലയിരുത്തിയത്. അധ്യാപകൻ മുതൽ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ വരെ ആർ എസ് എസ് വിധേയത്വമുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുമ്പോൾ ഒന്നുമറിയാത്ത വിധത്തിൽ ഒരു മന്ത്രി ഇരിക്കുന്നത് എങ്ങിനെയാണെന്നും കെ രാജൻ ചോദിച്ചു.
ശിക്ഷക് സദന്റെ ഗവേണിങ് ബോഡിയിലേക്ക് സംഘപരിവാര അധ്യാപക സംഘടനയുടെ ഒരു പ്രതിനിധിയെ എടുത്തു. പ്രതിപക്ഷം അപകടം ചൂണ്ടിക്കാട്ടിയപ്പോൾ കേന്ദ്ര ഗവൺമെന്റിന്റെ ഫണ്ടിങ് പ്രതീക്ഷിച്ചാണ് എന്നായിരുന്നു മറുപടി. ശിക്ഷക് സദന്റെ നടത്തിപ്പിൽ ഒരു ഫണ്ടും കേന്ദ്ര സർക്കാരിന്റേതായി ലഭിക്കുന്നില്ലെന്നിരിക്കെയാണ് ഇത്തരമൊരു നടപടിയുണ്ടായത്. എസ് സി ആർ ടി ഗവേണിങ് ബോഡിയിലേക്ക് ആർ എസ് എസിന്റെ അധ്യാപക സംഘടന നിശ്ചയിക്കുന്ന പ്രതിനിധിയെ ഉൾപ്പെടുത്തി പുനസംഘടിപ്പിക്കാൻ തീരുമാനിക്കുന്നതും വളരെ ഗൗരവമുള്ള പ്രശ്നമാണ്. പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിലും ആർ എസ് എസ് പ്രതിനിധികളെ പാഠ്യപദ്ധതി നിർണയ സമിതികളിൽ ഉൾപ്പെടുത്തുന്നതിലും ഗവൺമെന്റ് സംഘപരിവാരത്തിന് സമ്പൂർണമായി വിധേയത്വം പ്രഖ്യാപിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഉൾപ്പെടെ ആർ എസ് എസ് പിടമുറുക്കുന്ന അപകടകരമായ സാഹചര്യമാണുള്ളത്. ഇതിനൊപ്പമാണ് സ്വാശ്രയ, സ്വയംഭരണ കോളെജുകളിൽ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കാൻ സർക്കാർ അനുമതി വേണ്ടന്ന അപമാനകരമായ നടപടികളിലേക്ക് സർക്കാർ പോകുന്നത്. ഇത് അംഗീകരിക്കാനാവില്ല. യാത്രയാകുന്ന ഗവർണറെ കെട്ടിപ്പിടിച്ച് മുഖ്യമന്ത്രി കാണിച്ച വിധേയത്വം കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ അശ്ലീല രാഷ്ട്രീയമാണ്. യഥാർത്ഥത്തിൽ പവർ കട്ട് ഉണ്ടോ ഇല്ലയോ, വൈദ്യുതി ക്ഷാമം ഉണ്ടോ ഇല്ലയോ എന്നതിലല്ല തർക്കം. കേരളത്തിൽ ഇപ്പോൾ യഥാർത്ഥ പവർകട്ട് ക്യാബിനറ്റിലാണ് ഉള്ളത്. ആകെ പവർ ഉള്ളത് മുഖ്യമന്ത്രിക്ക് മാത്രമാണ്. ബാക്കി മന്ത്രിമാരുടെ തലയ്ക്കകത്ത് പവർ കട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രി ഇത്ര ഏകാധിപത്യപരമായി പെരുമാറുന്നത് മുമ്പ് ഉണ്ടായിട്ടില്ല. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം ഇല്ലാത്ത അവസ്ഥയാണുള്ളതെന്നും കെ രാജൻ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.


