• Home  
  • കേരള സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം അദ്വൈത് എം. ശ്രീക്ക്; ലഹരിക്കെതിരെ സംഗീതവുമായി പതിനാലുകാരന്റെ ഒറ്റയാൾ പോരാട്ടം
- Achievement - Breaking News - Latest

കേരള സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം അദ്വൈത് എം. ശ്രീക്ക്; ലഹരിക്കെതിരെ സംഗീതവുമായി പതിനാലുകാരന്റെ ഒറ്റയാൾ പോരാട്ടം

  കോഴിക്കോട്: ഉപകരണ സംഗീതത്തിലെ സിദ്ധിയുമായി രാസലഹരിക്കെതിരെ ‘സംഗീത് ലെഹർ’ എന്ന ഒറ്റയാൾ സംഗീത ക്യാമ്പയിൻ നടത്തിയ പതിനാലുകാരൻ അദ്വൈത് എം. ശ്രീക്ക് സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം–2025 പുരസ്‌കാരം. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് നവംബർ 14ന് നടക്കുന്ന ചടങ്ങിൽ മന്ത്രി ബിന്ദു കൃഷ്ണ അവാർഡ് സമ്മാനിക്കും. ചെറുപ്രായത്തിൽത്തന്നെ പന്ത്രണ്ടിലേറെ സംഗീതോപകരണങ്ങൾ സ്വായത്തമാക്കിയ അദ്വൈത്, സംഗീതത്തെ കേവലം വിനോദത്തിനപ്പുറം സാമൂഹിക ഇടപെടലിനുള്ള ഉപാധിയാക്കിയാണ് പ്രതിഭാധനരായ കുട്ടികൾക്കായി ഏർപ്പെടുത്തിയ അംഗീകാരത്തിന് അർഹനായത്. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ അദ്വൈത് കോഴിക്കോട് […]

 

കോഴിക്കോട്: ഉപകരണ സംഗീതത്തിലെ സിദ്ധിയുമായി രാസലഹരിക്കെതിരെ ‘സംഗീത് ലെഹർ’ എന്ന ഒറ്റയാൾ സംഗീത ക്യാമ്പയിൻ നടത്തിയ പതിനാലുകാരൻ അദ്വൈത് എം. ശ്രീക്ക് സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം–2025 പുരസ്‌കാരം.

ശിശുദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് നവംബർ 14ന് നടക്കുന്ന ചടങ്ങിൽ മന്ത്രി ബിന്ദു കൃഷ്ണ അവാർഡ് സമ്മാനിക്കും.

ചെറുപ്രായത്തിൽത്തന്നെ പന്ത്രണ്ടിലേറെ സംഗീതോപകരണങ്ങൾ സ്വായത്തമാക്കിയ അദ്വൈത്, സംഗീതത്തെ കേവലം വിനോദത്തിനപ്പുറം സാമൂഹിക ഇടപെടലിനുള്ള ഉപാധിയാക്കിയാണ് പ്രതിഭാധനരായ കുട്ടികൾക്കായി ഏർപ്പെടുത്തിയ അംഗീകാരത്തിന് അർഹനായത്. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ അദ്വൈത് കോഴിക്കോട് ചിന്മയ വിദ്യാലയത്തിലെ വിദ്യാർഥിയായിരുന്നു. ഇപ്പോൾ തൃശ്ശൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലാണ് പഠനം. മാധ്യമപ്രവർത്തകൻ മിതോഷ് ജോസഫിന്റെയും കേരള ആരോഗ്യസർവകലാശാല പബ്ലിക് റിലേഷൻസ് ഓഫീസർ കെ. എം. ശ്രീയുടെയും മകനാണ്.

നാലാം വയസ്സിൽ കളിപ്പാട്ടമായി ലഭിച്ച കീബോർഡിൽ സിനിമാഗാനങ്ങൾ വായിച്ചുതുടങ്ങിയതാണ് സംഗീതലോകത്തേക്കുള്ള ചുവടുവെപ്പ്. പിന്നീട് സ്വന്തമായി പരിശീലിച്ച് കീബോർഡ്, ഗിറ്റാർ, കീറ്റാർ, യുകുലേലെ, ബീറ്റ്ബോക്സ്, കസൂ, ഒക്കറിന, പിയാനോ, ഹാർമോണിക്ക, മെലോഡിക്ക, മൗത്ത് ഓർഗൻ, ഹാർമോണിയം തുടങ്ങിയ ഉപകരണങ്ങളിൽ പ്രാവീണ്യം നേടി. തബലയിൽ പിതാവിൽനിന്ന് പ്രാഥമിക പരിശീലനം ലഭിച്ചു. പിന്നീട് പ്രശസ്ത തബലിസ്റ്റ് ആനന്ദ് കൃഷ്ണന്റെ കീഴിൽ പരിശീലനം ആരംഭിച്ചു. പിയാനോയിലും ഗിറ്റാറിലും റെയ്നോൾഡ് സ്കൂൾ ഓഫ് മ്യൂസിക്കിലെ പ്രമോദ് റെയ്നോൾഡിന്റെ കീഴിൽ പരിശീലനവും നേടി. ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിൽ പ്രശസ്ത ഗായിക സുനിതമോഹൻദാസ് ആണ്‌ ഗുരു.

മുപ്പതിലേറെ വേദികളിൽ ഇതിനകം സംഗീതപരിപാടികൾ അവതരിപ്പിച്ച അദ്വൈത്, കീറ്റാറിലെ പ്രകടനത്തിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയുടെ ഉൾപ്പെടെ പ്രശംസയും പ്രോത്സാഹനവും ലഭിച്ചിട്ടുണ്ട്. പഴയ മലയാളം ഗാനങ്ങൾ മുതൽ പുതിയ സിനിമാഗാനങ്ങൾ വരെ വ്യത്യസ്ത സംഗീതോപകരണങ്ങളിലൂടെ അവതരിപ്പിക്കുന്നതാണ് പ്രത്യേകത.

ലഹരിക്കെതിരെ സംഗീതയാത്ര

ലഹരിക്കെതിരായ ബോധവത്കരണത്തിന് സംഗീതത്തെ ഉപയോഗപ്പെടുത്തണമെന്ന ആശയത്തിൽനിന്നാണ് ‘സംഗീത് ലെഹർ’ ക്യാമ്പയിൻ രൂപംകൊണ്ടത്. കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷന്റെ പിന്തുണയോടെ ഒരു വർഷം നീളുന്ന സംസ്ഥാനതല സംഗീതപര്യടനത്തിനാണ് അദ്വൈത് തുടക്കമിട്ടത്. നൂറോളം തിരഞ്ഞെടുത്ത വേദികളിൽ സംഗീതപരിപാടികൾ അവതരിപ്പിച്ച് കുട്ടികളിലേക്കും പൊതുസമൂഹത്തിലേക്കും ലഹരിവിരുദ്ധ സന്ദേശമെത്തിക്കുകയാണ് ലക്ഷ്യം.

2025 സെപ്റ്റംബർ 13-ന് കോഴിക്കോട് ബീച്ചിലായിരുന്നു ക്യാമ്പയിന്റെ ആദ്യ പരിപാടി. കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ ആയിരുന്ന എ. ഉമേഷ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സിറ്റി പൊലീസിന്റെ ‘നോ, നെവർ’ ലഹരിവിരുദ്ധ ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് അദ്വൈത് ഈ ദൗത്യവുമായി രംഗത്തെത്തിയത്.

സംഗീതം സാന്ത്വനമാകുമ്പോൾ

ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്വൈത് സംഗീതത്തെ കൂട്ടുപിടിക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അർബുദം, രക്തജന്യ രോഗങ്ങൾ എന്നിവ ബാധിച്ച കുട്ടികൾക്കായി ‘പുനർജനി’ എന്ന പേരിൽ സംഗീതപരിപാടി സംഘടിപ്പിച്ചിരുന്നു. നൂറിലേറെ കുട്ടികളും രക്ഷിതാക്കളും ഡോക്ടർമാരും പങ്കെടുത്ത പരിപാടിയിലൂടെ സംഗീതോപകരണങ്ങളെ പരിചയപ്പെടുത്താനും കുട്ടികളിൽ സംഗീതാഭിരുചി വളർത്താനുമാണ് ശ്രമിച്ചത്.

പ്രായമായവർക്കും കിടപ്പുരോഗികൾക്കും ഇഷ്ടപ്പെട്ട പഴയ ഗാനങ്ങൾ പഠിച്ച് സംഗീതോപകരണങ്ങളിൽ വായിച്ചുനൽകുന്നതും അദ്വൈതിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണ്. നേരിട്ടെത്താൻ കഴിയാത്തവർക്ക് സമൂഹമാധ്യമങ്ങളിലൂടെ സംഗീതാവതരണങ്ങളുടെ വീഡിയോകളും അയച്ചുനൽകുന്നു.

സംഗീതസംവിധായകനാകുന്നതിനൊപ്പം മികച്ച സ്റ്റേജ് പെർഫോമറാകണമെന്നതുമാണ് അദ്വൈതിന്റെ സ്വപ്നം. ജില്ലാ -സംസ്ഥാന കലോത്സവങ്ങളിലും തബലയിലും, ഗസലിലും മികച്ച ഗ്രേഡ് കരസ്തമാക്കിയിട്ടുണ്ട്. സംഗീതത്തിലൂടെ ലഹരിക്കെതിരെ ബോധവത്കരണം നടത്തുകയും മറ്റുള്ളവർക്ക് സന്തോഷവും പ്രതീക്ഷയും പകരുകയും ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ് ഈ കൊച്ചുപ്രതിഭയുടെ മുന്നേറ്റം.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.