Tuesday, December 5, 2023
GeneralHealthLatest

ജില്ലയില്‍ നിയോ ക്രാഡില്‍ പദ്ധതി ജനുവരി 5 മുതല്‍;  മന്ത്രി വീണ ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വ്വഹിക്കും


കോഴിക്കോട്;നവജാത ശിശുവിന് ആദ്യ ദിനങ്ങളിലുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൃത്യസമയത്ത് ഇടപെട്ട് പൂര്‍ണ്ണമായും പരിഹരിക്കുന്നതിന് ആവിഷ്‌കരിച്ച നിയോ ക്രാഡില്‍ പദ്ധതി ജനുവരി 5ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നിള ഓഡിറ്റോറിയത്തില്‍ ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ്, നാഷണല്‍ നിയോനാറ്റല്‍ ഫോറം എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയില്‍ പദ്ധതി ആരംഭിക്കുന്നത്.
ചില നവജാത ശിശുക്കളില്‍ ശരീരോഷ്മാവ്, രക്തത്തിലെ പഞ്ചസാര, ഓക്സിജന്‍ എന്നിവ കുറയുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.  ഗുരുതര ആരോഗ്യ പ്രശ്നങ്ങളായി മാറാന്‍ സാധ്യതയുള്ള ഇത്തരം ബുദ്ധിമുട്ടുകളുള്ള കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി അത്യാധുനിക സംവിധാനങ്ങളുള്ള ആബുലന്‍സില്‍ പരിചരണം നല്‍കി വലിയ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാന്‍ സാധിക്കും.
ഓരോ ആശുപ്രതികളേയും സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് തട്ടുകളായി തിരിച്ച് ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു. അടിയന്തര ചികിത്സയും റഫറലും ആവശ്യമായ കുട്ടികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിനുമുന്‍പ് തന്നെ വിവരങ്ങള്‍ ഈ വെബ്സൈറ്റ് വഴി കൈമാറാനും ആവശ്യമെങ്കില്‍ വീഡിയോ കോള്‍ മുഖേന കുട്ടിയുടെ ചികിത്സയെക്കുറിച്ച് ചര്‍ച്ച ചെയ്യാനും സംവിധാനമുണ്ട്. വിദഗ്ധ ആശുപത്രികളിലേക്കുള്ള യാത്രക്കിടയില്‍ ആംബുലന്‍സിലെ മെഡിക്കല്‍ സംവിധാനങ്ങള്‍ നിരീക്ഷിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സാധിക്കും. ഇതേ സമയം റഫറല്‍ ചെയ്യുന്ന ആശുപത്രിയില്‍ ഈ കുഞ്ഞിന് അനുസൃതമായി എല്ലാ സംവിധാനങ്ങളും തയ്യാറാക്കാനും സാധിക്കും. ഇതിലൂടെ ഒരു കുഞ്ഞിനെ തടസ്സമില്ലാത്ത സേവനങ്ങള്‍ നല്‍കി സുരക്ഷിതമായി ആശുപത്രിയില്‍ എത്തിക്കാനാകും.
നിയോ ക്രാഡില്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലെയും സംവിധാനങ്ങള്‍ ബന്ധിപ്പിക്കാന്‍ പ്രത്യേകം വെബ്സൈറ്റ് നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍ മുഖേന തയ്യാറാക്കിയിട്ടുണ്ട്. ടെര്‍ഷ്യറി സെന്ററുകളില്‍ അത്യാധുനിക സംവിധാനങ്ങളായ എം.എന്‍.സി.യു, മുലപ്പാല്‍ ബാങ്ക്, ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ നവജാത ഐ.സി.യു നെറ്റ് വര്‍ക്കിങ്ങിനുള്ള സമ്പൂര്‍ണ്ണ ഐ.ടി പ്ലാറ്റ്ഫോം, ഗര്‍ഭിണികള്‍, നവജാതശിശുക്കള്‍, കുട്ടികള്‍ എന്നിവര്‍ക്കായി പോര്‍ട്ടലിലൂടെ ആരോഗ്യവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍, വിദഗ്ധരുടെ ലേഖനങ്ങള്‍, നവജാതശിശു പരിചരണവിഭാഗത്തിന്റെ ഉന്നമനം, പ്രോട്ടോക്കോള്‍ ബേസ്ഡ് മാനേജ്മെന്റ് സിസ്റ്റം, വിവിധ വിഭാഗം ജീവനക്കാര്‍ക്ക് സര്‍ട്ടിഫൈഡ് പരിശീലനങ്ങള്‍ എന്നിവയാണ് എന്‍.ഐ.സി.യു നെറ്റ്വര്‍ക്കിന്റെ മറ്റു ഘടകങ്ങള്‍.
തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യാതിഥിയായിരിക്കും.  എം.കെ.രാഘവന്‍ എംപി പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്യും.  മേയര്‍ ഡോ.ബീന ഫിലിപ്പ് വെബ്സൈറ്റ് ലോഞ്ചിങ് നിര്‍വ്വഹിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍ എന്‍.ഖോബ്രഗഡെ, എന്‍എച്ച്എം ഡയറക്ടര്‍ ഡോ.രത്തന്‍ യു. കേല്‍കര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.രാജു വി.ആര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ഉമ്മര്‍ ഫാറൂഖ് തുടങ്ങിയവര്‍ പങ്കെടുക്കും.

Reporter
the authorReporter

Leave a Reply