Thursday, December 26, 2024
Art & CultureLatest

വേറിട്ട കാഴ്ചയായി യെൽദേയുടെ ചിത്രപ്രദർശനം


മനുഷ്യന് പ്രകൃതിയുടെ നേർക്കൊരു കണ്ണുണ്ടായിരുന്നെങ്കിൽ

നാടൻ തമ്പുരാൻ

കോഴിക്കോട്: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ നേർക്കാഴ്ചയൊരുക്കുകയാണ് യെൽദോ തണ്ണിക്കോടിന്റെ ചിത്രങ്ങൾ. മണ്ണിനും മരത്തിനും മേൽ അധീശത്വം സ്ഥാപിക്കുന്ന മനുഷ്യനുള്ള താക്കീത് കൂടിയാകുന്നു അക്കാദമി ആർട് ഗ്യാലറിയിൽ ഒരുക്കിയ അഞ്ചുനാൾ നീളുന്ന ചിത്രപ്രദർശനം. എല്ലാ ജീവിവർഗങ്ങൾക്കും ഭൂമിയിലുള്ള തുല്യാവകാശത്തെ മുൻനിർത്തിയുള്ള ചിത്രങ്ങൾ ലിംഗനീതിയും സ്ഥിതി സമത്വവും ചർച്ച ചെയ്യുന്നു.

ലളിതമായ നിറവിന്യാസത്തിൽ വീതിയുള്ള ബ്രഷ് വർക്കുകൾ പ്രൊഫഷനലുകളെയും സാധാരണക്കാരായ ചിത്രകലാസ്വാദകരെയും ഒരു പോലെ ആകർഷിക്കുന്നതാണ്. മലയാളിക്ക് അന്യംനിന്നു പോകുന്ന കൃഷിയും കന്നുകാലി പരിചരണവും കർഷകനും ചേർന്നുള്ള ചിത്ര പരമ്പര പ്രദർശനത്തിൽ ശ്രദ്ധേയമായി. തിരിച്ചെടുക്കാനാകത്തവിധം നഷ്ടപ്പെട്ടപ്പോയ സംസ്‌കൃതിയെ ഉൾച്ചേർക്കുന്നു ഈ ചിത്രങ്ങൾ. ലോകത്തെമ്പാടുമായി ഉടലെടുത്ത ആധുനിക സംസ്‌കാരങ്ങൾ കൃഷിയുമായി ബന്ധപ്പെട്ടണെന്നും കാർഷിക മേഖലയെ കൈവെടിയുന്ന മനുഷ്യൻ സ്വന്തം സംസ്‌കാരത്തെത്തന്നെയാണ് അന്യാധീനപ്പെടുത്തുന്നതെന്നും യെൽദോയുടെ ചിത്രങ്ങൾ ഓർമിപ്പിക്കുന്നു.

മൂന്നുപതിറ്റാണ്ടിലേറെയായി ചിത്രകലാ രംഗത്തുള്ള യെൽദോ രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം അമ്പതിലേറെ സോളോ, ഗ്രൂപ്പ് ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. നിരവധി ചിത്രകലാ ക്യാംപുകളുടെ അനുഭവ സമ്പത്തുള്ള അദ്ദേഹം കേരളത്തിലും പശ്ചിമേഷ്യയിലുമായി മികച്ച ക്യൂറേറ്റർ എന്ന നിലയ്ക്കും അറിയപ്പെടുന്നു. പെരുമ്പാവൂർ സ്വദേശിയായ യെൽദോ തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂളിൽ തുടങ്ങി രാജ്യത്തെ വിവിധ ഫൈൻആർട്‌സ് സ്‌കൂളുകളിലും കോളജുകളിലും അധ്യാപകനായിരുന്നിട്ടുണ്ട്. ഇപ്പോൾ ഒമാനിലെ ഇന്ത്യൻ സ്‌കൂൾ അൽ വാദി അൽ കബീറിൽ സിബിഎസ്ഇ ബോർഡ് എക്‌സാമിനേഷൻസ് ഒബ്‌സർവർ.

ലളിതകലാ അക്കാദമി ആർട് ഗ്യാലറിയിൽ ഇന്നലെ തുടങ്ങിയ ചിത്ര പ്രദർശനം കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ. ബാല മുരളി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

അക്കാദമി നിർവാഹക സമിതി അംഗം സുനിൽ അശോകപുരം , സുധീഷ്. കെ, നിധീഷ് കുമാർ, ശബാബ് ബാവ, മാധ്യമപ്രവർത്തകൻ വിപിൻ.വി.രാജ് തുടങ്ങിയവർ സംസാരിച്ചു. ജൂലൈ 30ന് പ്രദർശനം സമാപിക്കും.


Reporter
the authorReporter

Leave a Reply