Thursday, December 5, 2024
General

ഡിസംബര്‍ 1 മുതല്‍ ഒടിപി കിട്ടാന്‍ വൈകുമോ?… ട്രായ് പറയുന്നതിങ്ങനെ


ഡിസംബര്‍ ഒന്ന് മുതല്‍ ഒടിപിയും മറ്റ് എസ്എംഎസുകളും ഡെലിവറി ചെയ്യാന്‍ കാലതാമസം നേരിടുമെന്ന് വാര്‍ത്തയാണ് ഇപ്പോള്‍ എവിടേയുമുള്ള ചര്‍ച്ചാ വിഷയം. ടെലിക്കോം സേവന ദാതാക്കളടക്കം ഇക്കാര്യത്തില്‍ ചില ആശങ്കകള്‍ പങ്കുവച്ചതിന്റെ അടിസ്ഥാനത്തില്‍ വിവിധ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ നാളെ മുതല്‍ ഒടിപി വൈകുമോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ട്രായി.
ഒടിപി വൈകുമെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്.

ട്രായിയുടെ മെസേജ് ട്രെയ്‌സിബിലിറ്റി കര്‍ശനമാക്കിയാല്‍ ടെലികോം നെറ്റ്‌വര്‍ക്കുകളിലുടനീളമുള്ള വരിക്കാര്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ക്കും ഓണ്‍ലൈന്‍ പര്‍ച്ചേസിനും ഒടിപി അധിഷ്ഠിതമായ മറ്റ് ഇടപാടുകള്‍ക്കും തടസ്സങ്ങളും കാലതാമസവും നേരിടേണ്ടിവരും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ടെലി മാര്‍ക്കറ്റിങ് മെസേജുകള്‍ ട്രേസ് ചെയ്യാവുന്ന തരത്തിലായിരിക്കണമെന്നാണ് ട്രായ് ഉത്തരവിട്ടത്. എന്തെങ്കിലും പൊരുത്തക്കേടുകളുണ്ടെങ്കില്‍ നിശ്ചിത മെസേജുകള്‍ ഡെലിവര്‍ ചെയ്യാന്‍ അനുവദിക്കില്ല. അനാവശ്യ കോളുകളും എസ്എംഎസുകളും തടയാനാണിത്. നവംബര്‍ ഒന്നിനു നടപ്പാക്കാനിരുന്ന നിബന്ധന ടെലികോം കമ്പനികളുടെ ആവശ്യം പരിഗണിച്ച് ഡിസംബര്‍ ഒന്നിലേക്ക് നീട്ടിവയ്ക്കുകയായിരുന്നു. കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ ഇത് നടപ്പാക്കിയാല്‍ ഒടിപികള്‍ക്ക് അടക്കം തടസ്സം നേരിടാമെന്ന് കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സിസ്റ്റം വിന്യസിക്കുന്നതിലെ സാങ്കേതിക സങ്കീര്‍ണതകളെക്കുറിച്ച് ടെലികോം കമ്പനികള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ഈ പുതിയ ആവശ്യകതകള്‍ ഒടിപി ഡെലിവറികളുടെ വേഗതയെയോ വിശ്വാസ്യതയെയോ ബാധിക്കില്ലെന്ന് ട്രായ് ഉപയോക്താക്കള്‍ക്ക് ഉറപ്പ് നല്‍കി.


Reporter
the authorReporter

Leave a Reply