മലപ്പുറം: കാശ്മീരിൽ ഒരു കുട്ടിയെ പീഡിപ്പിച്ചതിനെതിരെ 2019 ൽ കേരളത്തിൽ പ്രഖ്യാപിച്ച അപ്രഖ്യാപിത വാട്സാപ്പ് ഹർത്താലുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത എഫ്. ഐ. ആർ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പരാതിക്കാരനെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ കോടതികളുടെ പരിഗണനയിലായതിനാൽ ഇടപെടാൻ നിയമപരമായ ബുദ്ധിമുട്ടുണ്ടെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.
കൊല്ലം തെൻമല ഊരുകുന്ന് സ്വദേശി അമർനാഥ് ബൈജു സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കാശ്മീരിൽ പീഡനത്തിന് ഇരയായ കുട്ടിക്ക് നീതി കിട്ടാൻ ആഗ്രഹിച്ചാണ് താൻ ഒരു വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ചതെന്നും പിന്നീട് ഗ്രൂപ്പിന്റെ നിയന്ത്രണം കൈക്കലാക്കിയ ചിലർ ഹർത്താൽ ആഹ്വാനം നടത്തിയെന്നും പരാതിയിൽ പറയുന്നു. മലബാർ മേഖലയിൽ സാമൂഹിക വിരുദ്ധർ നടത്തിയ അക്രമത്തിൽ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനായ താൻ ബലിയാടായെന്നും തനിക്കെതിരെ 19 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പരാതിക്കാരൻ അറിയിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഹർത്താലിനോട് അനുബന്ധിച്ചുണ്ടായ അക്രമ സംഭവങ്ങളുടെ ഉത്തരവാദി ഹർത്താലിന് ആഹ്വാനം നൽകിയ പരാതിക്കാരനാണെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരനെതിരെ മഞ്ചേരി, വണ്ടൂർ, തിരൂർ, മങ്കട, കുളത്തൂർ, കാളികാവ്, പാണ്ടിക്കാട്, എടവണ്ണ, മുതലായ പോലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മങ്കട പോലീസ് സ്റ്റേഷൻ ക്രൈം 51/18 നമ്പർ കേസിൽ പരിശോധനക്കയച്ച മൊബൈൽ ഫോണിന്റെ ഫോറൻസിക് സയൻസ് ലാബ് റിപ്പോർട്ട് ലഭിക്കാനുണ്ട്. എന്നാൽ എഫ്.ഐ.ആറിൽ താൻ പ്രതിയല്ലെന്നും ഫോറൻസിക് റിപ്പോർട്ടിൽ തനിക്ക് ഫോണുമായി യാതൊരു ബന്ധവുമില്ലെന്നും പരാതിക്കാരൻ അറിയിച്ചു. എഫ്.ഐ.ആറിൽ പറയുന്ന ഫോണിലെ നെറ്റ് കണക്ഷൻ ആരുടെ പേരിലാണെന്ന് അറിയില്ലെന്നും പരാതിക്കാരൻ അറിയിച്ചു.