Thursday, December 26, 2024
GeneralLatestPolitics

രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനത്തിന് എന്താണ് ഇത്ര പ്രത്യേകത; 50 പേരില്‍ കൂടുതലുള്ള സമ്മേളനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി


കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ 50 പേരില്‍ കൂടുതലുള്ള പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനത്തിന് എന്താണ് ഇത്ര പ്രത്യേകത എന്നും കോടതി ചോദിച്ചു. നിലവിലെ മാനദണ്ഡം യുക്തിസാഹം ആണോയെന്നും നിയന്ത്രണങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും കോടതി വ്യക്തമാക്കി.

കോവിഡ് നിയന്ത്രണ ഉത്തരവ് പിന്‍വലിച്ച ജില്ലാ കളക്ടറുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. അതേസമയം, കാസര്‍ഗോഡ് ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കിയതായി സിപിഐഎം അറിയിച്ചു. മൂന്ന് ദിവസത്തെ സമ്മേളനം രണ്ട് ദിവസമാക്കി പുനര്‍നിശ്ചയിച്ചു. സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലോക്ക് ഡൗണിന് സമാനമായ തോതില്‍ നടപ്പാക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി.

ഇന്നാണ് കാസര്‍ഗോഡ് ജില്ലാ സമ്മേളനം ആരംഭിച്ചത്. കോവിഡ് രോഗബാധ രൂക്ഷമാവുമ്പോഴും ജില്ലാ സമ്മേളനങ്ങളുമായി മുന്നോട്ട് പോവുന്നത് സിപിഐഎം നിലപാടിന് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാഴാഴ്ച കാസര്‍കോട് പൊതുപരിപാടികള്‍ക്ക് ജില്ലാ കളക്ടര്‍ വിലക്കേര്‍പ്പെടുത്തുകയും പിന്നീട് ഉത്തരവ് പിന്‍വലിച്ചതും വിവാദമായിരുന്നു.


Reporter
the authorReporter

Leave a Reply